---
title: "ചോറിന് ഇനി മറ്റൊരു കറിയും വേണ്ട! വെറും നാല് നെല്ലിക്ക കൊണ്ട് അടിപൊളി രസം; തയ്യാറാക്കുന്ന വിധം അറിയാം"
english_title: "A Tasty Amla Rasam with Just Four Gooseberries"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390799/amla-rasam-four-gooseberries-recipe"
published_at: "2026-11-08T21:23:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af09bc0b135e_amla-rasam-four-gooseberries-recipe.jpg"
keywords: ["AmlaRasam", "GooseberryRecipe", "SouthIndianFood", "HealthyRecipes", "KeralaCuisine"]
---

# ചോറിന് ഇനി മറ്റൊരു കറിയും വേണ്ട! വെറും നാല് നെല്ലിക്ക കൊണ്ട് അടിപൊളി രസം; തയ്യാറാക്കുന്ന വിധം അറിയാം

> **Lead Summary:** രസം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ അൽപ്പം രസമുണ്ടെങ്കിൽ മറ്റു കറികൾ ആവശ്യമില്ലാത്തവരുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ രസം തയ്യാറാക്കുന്നതാണ്.

## Article Content

രസം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ അൽപ്പം രസമുണ്ടെങ്കിൽ മറ്റു കറികൾ ആവശ്യമില്ലാത്തവരുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ രസം തയ്യാറാക്കുന്നതാണ്.

എന്നാൽ സാധാരണ രസത്തിൽ നിന്ന് അൽപ്പം വ്യത്യസ്തമായി ഒരു രസം തയ്യാറാക്കിയാലോ? പറഞ്ഞുവരുന്നത് മാറുന്ന കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവും സ്വാദിനൊപ്പം ആരോഗ്യഗുണങ്ങളും അടങ്ങിയ നെല്ലിക്ക രസത്തെ കുറിച്ചാണ്. എങ്ങനെയാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രുചികരവും പോഷകഗുണമുള്ളതുമായ രസം തയ്യാറാക്കേണ്ടതെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

നെല്ലിക്ക (അധികം കയ്പ്പില്ലാത്തത്)- നാലെണ്ണം

തക്കാളി- രണ്ടെണ്ണം

പച്ചമുളക്- രണ്ടുമുതൽ മൂന്നെണ്ണം വരെ

തുവരപ്പരിപ്പ്- വേവിച്ചത് ഒരു ടേബിൾസ്പൂൺ

ജീരകം- ഒരു ടീസ്പൂൺ

കുരുമുളക്- ഒരു ടീസ്പൂൺ

കടുക്- അര ടീസ്പൂൺ

മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

വറ്റൽമുളക്- മൂന്നെണ്ണം

കറിവേപ്പില

വെളുത്തുള്ളി (ചതച്ചത്)- മൂന്ന് അല്ലി

ഇഞ്ചി (ചെറുതായി അരിഞ്ഞത്)- ഒരു ടീസ്പൂൺ

മല്ലിയില

നെയ്യ്- ഒരു ടീസ്പൂൺ

കായപ്പൊടി- ഒരു നുള്ള്

വെള്ളം- രണ്ട് കപ്പ്

ഉപ്പ്- ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം അത്യാവശ്യം വലിപ്പമുള്ള ഒരു ചീനച്ചട്ടിയിലേയ്ക്ക് ചെറുതായി അരിഞ്ഞ നെല്ലിക്ക, തക്കാളി, പച്ചമുളക്, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവയോടൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചുവച്ച് വേവിക്കാം. നെല്ലിക്ക നന്നായി വേവണം.

ഇവ നന്നായി തണുത്ത ശേഷം തവി ഉപയോഗിച്ച് എല്ലാം നന്നായി ഉടച്ചെടുക്കാം. ഇനി ഉടച്ചുവച്ച നെല്ലിക്ക-തക്കാളി കൂട്ടിലേയ്ക്ക് വേവിച്ച തുവരപ്പരിപ്പും ഒരു കപ്പ് വെള്ളവും കുരുമുളകുപൊടിയും കൂടി ചേർത്ത് തിളപ്പിക്കണം. ചെറുതായി മാത്രമേ തിളക്കാൻ പാടുള്ളൂ.

അതേസമയം മറ്റൊരു ചീനച്ചട്ടിയിൽ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് കടുക്, ജീരകം, വറ്റൽമുളക്, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കാം. ശേഷം നേരത്തെ തയ്യാറാക്കിവച്ച നെല്ലിക്ക കൂട്ടിലേയ്ക്ക് താളിപ്പ് ഒഴിക്കുക.

പാകത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം മുകളിൽ മല്ലിയില കൂടി ഇട്ടുകൊടുത്താൽ രുചികരമായ നെല്ലിക്ക രസം തയ്യാറാണ്.

This recipe shows how to make a flavorful amla rasam using just four gooseberries and a few simple ingredients. The dish is described as a quick, nutritious option that pairs well with rice and suits changing weather.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390799/amla-rasam-four-gooseberries-recipe)