---
title: "ഒരു തുള്ളി പെട്രോളിൽ എത്രമാത്രം ചതി...? ഇന്ധന സാമ്പിളുകൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ്; നാല് ജില്ലകളിൽ നാളെ മുതൽ പരിശോധന"
english_title: "Civil Supplies Department to Collect Fuel Samples; Checks Begin in Four Districts Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390725/fuel-samples-checks-four-districts"
published_at: "2026-11-08T09:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeff18c8f65e_fuel-samples-checks-four-districts.jpg"
keywords: ["FuelTesting", "CivilSupplies", "PetrolQuality", "EthanolBlend", "KeralaNews", "FuelInspection", "PetrolSamples"]
---

# ഒരു തുള്ളി പെട്രോളിൽ എത്രമാത്രം ചതി...? ഇന്ധന സാമ്പിളുകൾ ശേഖരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ്; നാല് ജില്ലകളിൽ നാളെ മുതൽ പരിശോധന

> **Lead Summary:** **തിരുവനന്തപുരം: **പെട്രോളിൽ മാനദണ്ഡങ്ങളിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ കേരളത്തിലും വ്യാപക പരിശോധനയ്ക്ക് തുടക്കമാകുന്നു. നാളെ മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിക്കും.

## Article Content

**തിരുവനന്തപുരം: **പെട്രോളിൽ മാനദണ്ഡങ്ങളിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ കേരളത്തിലും വ്യാപക പരിശോധനയ്ക്ക് തുടക്കമാകുന്നു. നാളെ മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഇന്ധന സാമ്പിളുകൾ ശേഖരിക്കും.

പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ നിന്നുമാണ് പ്രധാനമായും സാമ്പിളുകൾ എടുക്കുന്നത്. ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരിക്കും മിന്നൽ പരിശോധനകൾ നടക്കുക. ആദ്യഘട്ടത്തിൽ നാല് ജില്ലകളിലെ അഞ്ച് പെട്രോൾ പമ്പുകളിൽ നിന്നും ടാങ്കർ ലോറികളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിക്കുക.

ഒരു കേന്ദ്രത്തിൽ നിന്ന് ആറ് സാമ്പിളുകൾ വീതം ശേഖരിക്കും. ശേഖരിക്കുന്ന സാമ്പിളുകളിൽ രണ്ടെണ്ണം പരിശോധനയ്ക്കായി അംഗീകൃത ലബോറട്ടറിയിലേക്ക് അയക്കും. രണ്ടെണ്ണം സിവിൽ സപ്ലൈസ് ഗോഡൗണിലും, ബാക്കി രണ്ടെണ്ണം അതത് പെട്രോൾ പമ്പുകളിലും സീൽ ചെയ്ത് സൂക്ഷിക്കും. ആദ്യ പരിശോധനാ ഫലത്തിൽ തർക്കങ്ങളോ സംശയങ്ങളോ ഉണ്ടായാൽ വീണ്ടും പരിശോധിക്കാനാണ് ആറ് സാമ്പിളുകൾ വീതം ശേഖരിക്കുന്നത്.

ഇതിനായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ ആദ്യഘട്ട പരിശീലനം നൽകിയിട്ടുണ്ട്. നേരത്തെ കർണാടകയിൽ സമാനമായ രീതിയിൽ പരിശോധന നടത്തിയപ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് പെട്രോളിയം കമ്പനികൾ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കടുത്ത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേരളത്തിലെ പരിശോധനകൾ നടക്കുക.

ഇന്ധനത്തിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ ക്രമക്കേടുകളോ കണ്ടെത്തിയാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് മുന്നറിയിപ്പ് നൽകി. എഥനോൾ കലർത്തിയ ഇന്ധനം (E20 പെട്രോൾ) വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു എന്ന പരാതികളും ചർച്ചകളും ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം.

Kerala’s Civil Supplies Department is launching inspections to check whether petrol contains ethanol beyond prescribed limits. Fuel samples will be collected from selected petrol pumps and tanker lorries in Thiruvananthapuram, Ernakulam, Kozhikode and Kannur from tomorrow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390725/fuel-samples-checks-four-districts)