---
title: "കത്തുകൾക്കും പെൻഷനും വഴിമുട്ടുമോ....? ഗ്രാമത്തിന്റെ തപാൽപ്പെട്ടി പൂട്ടരുത്; വടകരയിൽ നിന്ന് ഉയർന്നത് ഗ്രാമീണരുടെ ആശങ്ക"
english_title: "Don’t Shut the Village Mailbox: Rural Concerns Rise in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390706/vadakara-rural-post-offices-shutdown"
published_at: "2026-11-08T06:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefc75032fdb_vadakara-rural-post-offices-shutdown.jpg"
keywords: ["PostalService", "Vadakara", "RuralIndia", "KeralaNews", "BranchPostOffice"]
---

# കത്തുകൾക്കും പെൻഷനും വഴിമുട്ടുമോ....? ഗ്രാമത്തിന്റെ തപാൽപ്പെട്ടി പൂട്ടരുത്; വടകരയിൽ നിന്ന് ഉയർന്നത് ഗ്രാമീണരുടെ ആശങ്ക

> **Lead Summary:** കോഴിക്കോട് (വടകര): ഒരു ഗ്രാമത്തിന്റെ ഹൃദയമിടിപ്പ് അറിയാൻ ആ ഗ്രാമത്തിലെ തപാൽ ഓഫീസിൽ ഒന്ന് ചെന്നാൽ മതി. പെൻഷൻ വാങ്ങാൻ വരുന്ന അമ്മുമ്മമാർ, മണിയോർഡറിനായി കാത്തിരിക്കുന്ന കുടുംബങ്ങൾ, സ്കോളർഷിപ്പിന്റെ കത്ത് തേടിയെത്തുന്ന വിദ്യാർത്ഥികൾ... അതാണ് ഗ്രാമീണ തപാൽ ഓഫീസ്.

## Article Content

കോഴിക്കോട് (വടകര): ഒരു ഗ്രാമത്തിന്റെ ഹൃദയമിടിപ്പ് അറിയാൻ ആ ഗ്രാമത്തിലെ തപാൽ ഓഫീസിൽ ഒന്ന് ചെന്നാൽ മതി. പെൻഷൻ വാങ്ങാൻ വരുന്ന അമ്മുമ്മമാർ, മണിയോർഡറിനായി കാത്തിരിക്കുന്ന കുടുംബങ്ങൾ, സ്കോളർഷിപ്പിന്റെ കത്ത് തേടിയെത്തുന്ന വിദ്യാർത്ഥികൾ... അതാണ് ഗ്രാമീണ തപാൽ ഓഫീസ്.

ആ തപാൽ ഓഫീസുകൾ തന്നെ പൂട്ടാൻ പോകുന്നു എന്ന വാർത്തയാണ് വടകര താലൂക്ക് വികസന സമിതി യോഗത്തെ ആശങ്കയിലാഴ്ത്തിയത്.

ഗ്രാമീണ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടപടി പിൻവലിക്കണമെന്ന് യോഗം ഒന്നടങ്കം ആവശ്യപ്പെട്ടു. ജില്ലയിലെ നഗരസഭാ പരിധിയിൽ ഉൾപ്പെടെയുള്ള തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.

നഗരപരിധിയിലെ ഗ്രാമീണ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾക്ക് പൂട്ടുവീഴുന്നത്. സമിതി അംഗം പ്രദീപ് ചോമ്പാലയാണ് വിഷയം ഉന്നയിച്ചത്.

വടകര നഗരസഭയിലെ മേപ്പയിൽ, പുത്തൂർ, നടക്കുതാഴ, കൊയിലാണ്ടി നഗരസഭയിലെ മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ, കേന്ദ്രഭരണ പ്രദേശമായ മാഹി നഗരസഭയിലെ പള്ളൂർ, നാലുതറ, പന്തക്കൽ എന്നീ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്.

ബ്രാഞ്ച് തപാൽ ഓഫീസുകൾ ഇല്ലാതായാൽ ഗ്രാമീണ മേഖലയിലുള്ളവർക്ക് സേവനങ്ങൾ അപ്രാപ്യമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. തപാൽ ഓഫീസുകൾ അടച്ചുപൂട്ടുന്ന വിഷയം തിരുവനന്തപുരത്ത് നേരിട്ട് പോസ്റ്റ് മാസ്റ്റർ ജനറലിനെ അറിയിക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.

Rural communities in Vadakara have raised alarm over reports that branch post offices in municipal areas may be shut down. The Taluk Development Committee urged the postal department to withdraw the move, warning that it would make essential services harder to access for villagers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390706/vadakara-rural-post-offices-shutdown)