---
title: "'മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല, ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനം എടുത്തത്'; മറുപടിയുമായി മുഖ്യമന്ത്രി"
english_title: "No Signatures on Tissue Papers: CM Says Decisions Were Taken After Examining Files"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390688/chief-minister-file-review-electricity-row"
published_at: "2026-11-07T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef3c7e0657f_chief-minister-file-review-electricity-row.jpg"
keywords: ["ElectricityContract", "KeralaPolitics", "VDSatheesan", "PowerPurchase", "KSEB", "ElectricityRow"]
---

# 'മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല, ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനം എടുത്തത്'; മറുപടിയുമായി മുഖ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: വൈദ്യുതി കരാർ സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനങ്ങൾ എടുത്തത്. അല്ലാതെ മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിലൊന്നും ഞങ്ങൾ ഒപ്പിടാറില്ലെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: വൈദ്യുതി കരാർ സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഫയൽ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ചാണ് തീരുമാനങ്ങൾ എടുത്തത്. അല്ലാതെ മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിലൊന്നും ഞങ്ങൾ ഒപ്പിടാറില്ലെന്ന് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വൈദ്യുതി കരാർ സംബന്ധിച്ച് ഇന്നലെ വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണ്. എന്നാൽ 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിന്റെ രേഖകൾ എവിടെയെന്ന് ഞാൻ ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല.

അതുകൊണ്ടുതന്നെ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു.

ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മിഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെ.എസ്.ഇ.ബി. ശിപാർശയിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ എന്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണ്.

കെ.എസ്.ഇ.ബി. മികച്ചതാണെന്ന് കണ്ടെത്തിയ ഹിമാചൽ പ്രദേശ് വൈദ്യുതി വാങ്ങാത്തത് എന്തെന്ന ചോദ്യം ഇന്നും പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നു. അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും അങ്ങ് പറയുന്നു.

എന്തൊരു വിരോധാഭാസമാണിത്! വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ.എസ്.ഇ.ബി. തന്നെയാണ് സർക്കാരിനെ അറിയിച്ചതെന്ന് രേഖകൾ ഉദ്ധരിച്ച് ഞാൻ മറുപടി നൽകിയിട്ടും അതേ ആരോപണം പ്രതിപക്ഷ നേതാവ് വീണ്ടും ഉന്നയിക്കുന്നതിലാണ് ദുരൂഹതയെന്നും സതീശൻ കൂട്ടിച്ചേർത്തു.

ജി.എൻ.എ. വഴി വൈദ്യുതി വാങ്ങുന്നതും പരിഗണിക്കാമെന്ന് മുൻ കെ.എസ്.ഇ.ബി. ചെയർമാൻ സർക്കാരിന് നൽകിയ നോട്ടിലുണ്ട്. ജി.എൻ.എ.യിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ഇന്നും വിമർശിക്കുന്ന പ്രതിപക്ഷ നേതാവിന് ഈ നോട്ടിനെക്കുറിച്ച് അറിയാത്തതാണോ? അതോ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നതോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രേഖകൾ എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് ചോദിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അങ്ങയോട് അന്നത്തെ പ്രതിപക്ഷം ആവശ്യപ്പെട്ട ഏതെങ്കിലും ഒരു രേഖ നൽകിയിട്ടുണ്ടോ? ചോദ്യങ്ങൾക്ക് മറുപടി പോലും നൽകിയിട്ടില്ല.

പക്ഷേ ഇവിടെ കെ.എസ്.ഇ.ബി.യിലെ സി.പി.എം. സംഘടന ബന്ധപ്പെട്ട എല്ലാ രേഖകളും അങ്ങയുടെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ടല്ലോ. ഇനിയും ആവശ്യമെങ്കിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ അങ്ങേക്ക് അത് നേടിയെടുക്കാവുന്നതേയുള്ളൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

> Chief Minister V.D. Satheesan responded to the electricity contract controversy, saying decisions were taken only after examining files and studying the details. In a Facebook post, he said he does not sign “tissue papers” and questioned the opposition leader’s repeated allegations and claims about power procurement records.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390688/chief-minister-file-review-electricity-row)