---
title: "നൃത്തച്ചുവടുകൾ പഠിച്ച് സന്തോഷത്തോടെ മടങ്ങിയ കുഞ്ഞുമോൾ; മുത്തശ്ശിക്കൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "Nine-Year-Old Dies After Car Hits Her While Returning From Dance Class"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390681/nine-year-old-dies-car-dance-class-muvattupuzha"
published_at: "2026-11-07T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef30785f031_nine-year-old-dies-car-dance-class-muvattupuzha.jpg"
keywords: ["MuvattupuzhaAccident", "RoadAccident", "ChildDeath", "KeralaNews", "TrafficSafety"]
---

# നൃത്തച്ചുവടുകൾ പഠിച്ച് സന്തോഷത്തോടെ മടങ്ങിയ കുഞ്ഞുമോൾ; മുത്തശ്ശിക്കൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** മൂവാറ്റുപുഴ: നൃത്തപഠന ക്ലാസ്സിന് ശേഷം മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോൾ കാറിടിച്ച് ഒമ്പത് വയസുകാരി മരിച്ചു. മുത്തശ്ശിക്ക് പരിക്കേറ്റു. ഇതേ കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികനും ഗുരുതരമായി പരിക്കേറ്റു.

## Article Content

മൂവാറ്റുപുഴ: നൃത്തപഠന ക്ലാസ്സിന് ശേഷം മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോൾ കാറിടിച്ച് ഒമ്പത് വയസുകാരി മരിച്ചു. മുത്തശ്ശിക്ക് പരിക്കേറ്റു. ഇതേ കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികനും ഗുരുതരമായി പരിക്കേറ്റു.

പട്ടിമറ്റം കണ്ണലപുത്തൻപുരയിൽ രാജേഷിന്റെയും രേഷ്മയുടെയും മകൾ റെയ (ഒമ്പത്) ആണ് മരിച്ചത്. റെയയുടെ മുത്തശ്ശി മൂവാറ്റുപുഴ പാറപ്പുറത്ത് ഓമനക്കുട്ടന്റെ ഭാര്യ ലേഖ (62), സ്‌കൂട്ടർ യാത്രികനായ ഇടുക്കി സ്വദേശി ലിജോ കുര്യാക്കോസ് എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ നിർമ്മല കോളേജ് ജംഗ്ഷന് സമീപമുള്ള ഹോസ്റ്റൽ ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. ലേഖയുടെ കൈപിടിച്ച് നടന്നു പോവുകയായിരുന്നു റെയ. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വേഗത്തിലെത്തിയ കാർ എതിർഭാഗത്തുനിന്ന് എത്തിയ സ്‌കൂട്ടറിലും റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചു.

തുടർന്ന് ലേഖയെയും ഇടിച്ച ശേഷം കാർ തൊട്ടടുത്ത മരത്തിൽ ഇടിച്ചു നിന്നു. കാറിനും മരത്തിനും ഇടയിൽ കുടുങ്ങിയാണ് റെയ മരിച്ചത്. റോഡിൽ തെറിച്ചു വീണ ലേഖയുടെ കാൽ ഒടിഞ്ഞു. തലയ്ക്കും പരിക്കേറ്റു. സ്‌കൂട്ടർ യാത്രികനായ ലിജോയുടെ കൈയും കാലും ഒടിഞ്ഞു ഗുരുതര പരിക്കേറ്റു.

ഇയാളെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. പട്ടിമറ്റം താമരച്ചാൽ സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് റെയ. അച്ഛൻ രാജേഷ് ദുബൈയിലാണ്. അമ്മ രേഷ്മ മൂവാറ്റുപുഴ ആസ്‌കോ ലാബിൽ ഫാർമസിസ്റ്റാണ്. മൂവാറ്റുപുഴ പൊലീസ് തുടർനടപടികളെടുത്തു.

A nine-year-old girl died after being hit by a car while walking home with her grandmother after a dance class in Muvattupuzha. The accident also left her grandmother and a scooter rider seriously injured, and police have taken further action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390681/nine-year-old-dies-car-dance-class-muvattupuzha)