---
title: "കണ്ണീരിന്റെ നാളുകൾക്ക് വിട; ഗുരുവായൂരപ്പന്റെ നടയിൽ ശ്രുതിക്ക് പുതുജീവിതം, സന്ദീപ് താലിചാർത്തി"
english_title: "A New Beginning at Guruvayur: Shruhti Marries Sandeep After Tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390562/shruthi-new-life-guruvayur-wedding"
published_at: "2026-11-07T06:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee7d1a95264_shruthi-new-life-guruvayur-wedding.jpg"
keywords: ["WayanadTragedy", "GuruvayurTemple", "ShruthiWedding", "Sandeep", "KeralaNews"]
---

# കണ്ണീരിന്റെ നാളുകൾക്ക് വിട; ഗുരുവായൂരപ്പന്റെ നടയിൽ ശ്രുതിക്ക് പുതുജീവിതം, സന്ദീപ് താലിചാർത്തി

> **Lead Summary:** ഗുരുവായൂർ: ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി എത്തിയ ദുരന്തങ്ങളെയും തീരാനഷ്ടങ്ങളെയും അതിജീവിച്ച് വയനാട് ചൂരൽമല ദുരന്തബാധിതയായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രനടയിൽ നടന്ന ലളിതമായ ചടങ്ങിൽ മാനന്തവാടി സ്വദേശി സന്ദീപ് ശ്രുതിക്ക് താലിചാർത്തി.

## Article Content

ഗുരുവായൂർ: ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി എത്തിയ ദുരന്തങ്ങളെയും തീരാനഷ്ടങ്ങളെയും അതിജീവിച്ച് വയനാട് ചൂരൽമല ദുരന്തബാധിതയായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രനടയിൽ നടന്ന ലളിതമായ ചടങ്ങിൽ മാനന്തവാടി സ്വദേശി സന്ദീപ് ശ്രുതിക്ക് താലിചാർത്തി.

ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു വിവാഹം. കണ്ണീരിന്റെയും വേദനകളുടെയും ഓർമകൾക്കിടയിൽ ശ്രുതിയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പുതിയ അധ്യായത്തിന് തുടക്കമായി.

കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായിരുന്നു ശ്രുതിയുടേത്. അച്ഛനും അമ്മയും അനിയത്തിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപതോളം പേരെയാണ് ആ ദുരന്തത്തിൽ ശ്രുതിക്ക് നഷ്ടമായത്. ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് തകർന്നുനിന്ന ശ്രുതിക്ക് ആശ്വാസവും കരുത്തുമായി ഒപ്പമുണ്ടായിരുന്നത് പ്രതിശ്രുത വരനായിരുന്ന ജെൻസനായിരുന്നു.

എന്നാൽ വിധി ശ്രുതിയെ വീണ്ടും പരീക്ഷിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ 2024 സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തിൽ ജെൻസനും ജീവൻ നഷ്ടമായി. കുടുംബത്തെയും ജീവിതപങ്കാളിയാകേണ്ടിയിരുന്ന പ്രിയപ്പെട്ടവനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വേദന മലയാളികളുടെയാകെ നൊമ്പരമായി മാറിയിരുന്നു.

ആ തീരാവേദനകൾക്കിടയിൽനിന്നാണ് ശ്രുതി വീണ്ടും ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്. തന്റെ ജീവിതത്തിലെ നഷ്ടങ്ങളും അനുഭവങ്ങളും അറിഞ്ഞുകൊണ്ട് ഒപ്പംനിൽക്കാൻ തയ്യാറായ സന്ദീപാണ് ഇനി ശ്രുതിയുടെ ജീവിതപങ്കാളി. 2026 ജൂലൈയിൽ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. തുടർന്ന് നവംബർ ഏഴിന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇരുവരും വിവാഹിതരായി.

മുൻ റവന്യൂ മന്ത്രി കെ. രാജൻ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ശ്രുതിയുടെ വിവാഹം കേരളത്തിനാകെ സന്തോഷം പകരുന്ന നിമിഷമാണെന്ന് കെ. രാജൻ പ്രതികരിച്ചു.

ദുരന്തകാലം മുതൽ ശ്രുതിയെ മലയാളികൾ ചേർത്തുപിടിച്ചിരുന്നുവെന്നും കേരളം മുഴുവൻ അവൾക്ക് രക്ഷാകർത്താവായി മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രുതിയുടെ ദുഃഖത്തിൽ പങ്കുചേർന്ന ഓരോ സാധാരണക്കാരന്റെയും സന്തോഷമാണ് ഈ വിവാഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹശേഷം സന്തോഷം പങ്കുവെച്ച് ശ്രുതിയും രംഗത്തെത്തി. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അറിഞ്ഞുകൊണ്ട് കൈപിടിച്ചയാളാണ് സന്ദീപെന്ന് ശ്രുതി പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെയെന്നാണ് പ്രാർഥനയെന്നും ശ്രുതി പ്രതികരിച്ചു.

Shruthi, a survivor of the Wayanad Chooralmala landslide tragedy, began a new chapter in life by marrying Sandeep at the Guruvayur temple on Friday morning. The simple ceremony marked a moment of hope after years of devastating personal loss, including the deaths of her family members and her former fiancé Jenson.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390562/shruthi-new-life-guruvayur-wedding)