---
title: "'കണ്ണടച്ച് ഒപ്പിടുന്ന ശൈലി ഞങ്ങൾക്കില്ല, 12.50 രൂപ നിരക്ക് ഹിമാചൽ അംഗീകരിച്ചിരുന്നില്ല'; വൈദ്യുതി കരാറിൽ വിശദീകരണം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്"
english_title: "CM Rejects Opposition Claims in Kerala Power Purchase Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390515/kerala-power-purchase-row-cm-rebuttal-new"
published_at: "2026-11-06T16:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedbc13c94b1_kerala-power-purchase-row-cm-rebuttal.jpg"
keywords: ["KeralaNews", "PowerPurchase", "KSEB", "PinarayiVijayan", "CMO"]
---

# 'കണ്ണടച്ച് ഒപ്പിടുന്ന ശൈലി ഞങ്ങൾക്കില്ല, 12.50 രൂപ നിരക്ക് ഹിമാചൽ അംഗീകരിച്ചിരുന്നില്ല'; വൈദ്യുതി കരാറിൽ വിശദീകരണം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം പുറത്തുവിട്ടു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം പുറത്തുവിട്ടു.

ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീട് 12.5 രൂപയായി കുറച്ചുവെന്ന ആരോപണം തെറ്റാണെന്ന് ഓഫീസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് വന്ന ഫയലിൽ, 12.50/kWh നിരക്ക് ഹിമാചൽ അധികാരികൾ എഴുത്തിൽ വ്യക്തമായി അംഗീകരിച്ചിട്ടില്ലെന്ന് മുൻ കെ.എസ്.ഇ.ബി ചെയർമാൻ തന്നെ രേഖപ്പെടുത്തിയിരുന്നുവെന്നും ഓഫീസ് ചൂണ്ടിക്കാട്ടി.

ഹിമാചൽ കരാർ പി.ടി.സി എന്ന ഇടനിലക്കാരൻ വഴിയാണെന്നും അതിന്റെ മാർജിൻ ഉൾപ്പെടുത്തി 14.50 രൂപ നിരക്ക് നിശ്ചയിച്ചതാണെന്നും ഓഫീസ് പറഞ്ഞു. രാജസ്ഥാൻ ബോർഡ് 17-10-2026-ന് തന്നെ ഹിമാചലിന്റെ അടിയന്തര ആവശ്യ പ്രകാരം വൈദ്യുതി വാങ്ങാനുള്ള കരാർ അംഗീകരിച്ചിരുന്നുവെന്നും 18-10-2026-ന് കത്ത് നൽകിയിരുന്നുവെന്നും രേഖകളിൽ ഉണ്ടെന്ന് ഓഫീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്ന വാദവും ഓഫീസ് തള്ളി. സെപ്തംബറിൽ പവർ കട്ട് ഏർപ്പെടുത്തേണ്ടി വന്നതും ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് അത് ഒഴിവാക്കിയതെന്നും വിശദീകരിച്ചു. DEEP പോർട്ടൽ വഴി നടത്തിയ ആറ് ടെൻഡറുകളിലും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമായില്ലെന്നും ഫയലുകളിൽ പറയുന്നു.

നോൺ സോളാർ സമയങ്ങളിലും പീക്ക് അവറുകളിലും ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തിക ബാധ്യതയും വിതരണ സുരക്ഷയും പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഫയലുകൾ കണ്ണടച്ച് ഒപ്പിടുന്ന ശൈലി സർക്കാരിനില്ലെന്നും, ജനങ്ങൾക്കു മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നും ഓഫീസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390515/kerala-power-purchase-row-cm-rebuttal-new)