---
title: "കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; മുഖത്തെ മർദ്ദനപ്പാടുകൾ ചുരുളഴിച്ചത് കൊലപാതകത്തിന്റെ രഹസ്യം, ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതിയുടെ മരണത്തിൽ ഇരട്ട സഹോദരി അറസ്റ്റില്‍"
english_title: "Woman’s Death Near Chottanikkara Temple Turns Out to Be Murder; Twin Sister Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390407/chottanikkara-temple-woman-death-murder"
published_at: "2026-11-05T22:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecba615ce1d_chottanikkara-temple-woman-death-murder.jpg"
keywords: ["Chottanikkara", "MurderCase", "KeralaPolice", "TwinSister", "TempleNews"]
---

# കുഴഞ്ഞുവീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; മുഖത്തെ മർദ്ദനപ്പാടുകൾ ചുരുളഴിച്ചത് കൊലപാതകത്തിന്റെ രഹസ്യം, ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതിയുടെ മരണത്തിൽ ഇരട്ട സഹോദരി അറസ്റ്റില്‍

> **Lead Summary:** കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച സവിതയുടെ ഇരട്ടസഹോദരിയായ സജിതയാണ് കൊലപാതകം നടത്തിയത്. സജിതയേയും വിവരം മറച്ചുവെച്ചതിന് ഇവരുടെ സഹോദരൻ സുധീറിനെയും പോലീസ് അറസ്റ്റുചെയ്തു.

## Article Content

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച സവിതയുടെ ഇരട്ടസഹോദരിയായ സജിതയാണ് കൊലപാതകം നടത്തിയത്. സജിതയേയും വിവരം മറച്ചുവെച്ചതിന് ഇവരുടെ സഹോദരൻ സുധീറിനെയും പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശികളായ ഇവർ കഴിഞ്ഞ മാസം 29-ാം തീയതിയാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ഭജനയിരിക്കാനായി എത്തിയത്.

ക്ഷേത്രത്തിന് സമീപമുള്ള ഒരു വാടക ലോഡ്ജിലായിരുന്നു താമസം. ബുധനാഴ്ച രാത്രിയോടെ, കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് സഹോദരങ്ങൾ രണ്ടുപേരും ചേർന്ന് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സവിത മരിച്ചിരുന്നു.

പിന്നാലെ, ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി. മാനസികാസ്വസ്ഥതയ്ക്കുള്ള ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനാണ് ക്ഷേത്രത്തിലെത്തിയത് എന്നായിരുന്നു സജിത പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ക്ഷേത്രത്തിൽ ഇത്തരത്തിൽ ഭജനയിരിക്കാൻ ആളുകൾ എത്തുകയും ചിലർ കുഴഞ്ഞുവീഴാറുമുണ്ട്. അതുകൊണ്ടുതന്നെ പോലീസ് ഇത് വിശ്വസിച്ചു. എന്നാൽ പിന്നാലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതോടെയാണ് സവിതയുടെ മുഖത്തെ മർദനമേറ്റ പാടുകൾ പോലീസുകാരുടെ ശ്രദ്ധയിൽപെട്ടത്.

ഇതോടെ, സംശയം തോന്നിയ പോലീസ് സജിതയേയും സുധീറിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് സജിതയുടെ മൊഴി.

വൈകീട്ട് നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിലും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരം അറിഞ്ഞുവെച്ചിട്ടും പോലീസിനോട് പറയാതെ മറച്ചുവെച്ചതിന് സുധീറിനെതിരെയും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കുറ്റംചുമത്താനുള്ള നീക്കത്തിലാണ് പോലീസ്.

പെട്ടെന്നുണ്ടായ പ്രകോപനമാണോ അതോ നേരത്തേകൂട്ടി നിശ്ചയിച്ച പ്രകാരമാണോ പ്രതികൾ കൊലപാതകം നടത്തിയത് എന്ന് വ്യക്തമല്ല. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുള്ളതായി ചോറ്റാനിക്കര പോലീസ് അറിയിച്ചു.

Police have concluded that the death of a woman who came to stay at Chottanikkara temple for bhajan was a murder. Her twin sister has been arrested, and the brother is also in custody for allegedly concealing the crime.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390407/chottanikkara-temple-woman-death-murder)