---
title: "ദോശയും ഇഡ്ഡലിയും കഴിച്ച് മടുത്തോ? നാളത്തെ ബ്രേക്ക്‌ഫാസ്റ്റിന് അവൽ കൊണ്ട് കിടിലൻ ഒറട്ടി തയ്യാറാക്കാം, റെസിപ്പി ഇതാ"
english_title: "Tired of Dosa and Idli? Try This Easy Aval Oratti Recipe for Breakfast"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390403/aval-oratti-breakfast-recipe"
published_at: "2026-11-05T22:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecb34844aa8_aval-oratti-breakfast-recipe.jpg"
keywords: ["BreakfastRecipe", "AvalOratti", "KeralaCuisine", "HealthyBreakfast", "EasyRecipe"]
---

# ദോശയും ഇഡ്ഡലിയും കഴിച്ച് മടുത്തോ? നാളത്തെ ബ്രേക്ക്‌ഫാസ്റ്റിന് അവൽ കൊണ്ട് കിടിലൻ ഒറട്ടി തയ്യാറാക്കാം, റെസിപ്പി ഇതാ

> **Lead Summary:** രാവിലെ പ്രഭാതഭക്ഷണത്തിന് എന്തുണ്ടാക്കുമെന്നത് പല വീടുകളിലെയും പതിവ് ചോദ്യമാണ്. ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ സ്ഥിരമായി കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തവും രുചികരവുമായ വിഭവമാണ് അവൽ ഒറട്ടി.

## Article Content

രാവിലെ പ്രഭാതഭക്ഷണത്തിന് എന്തുണ്ടാക്കുമെന്നത് പല വീടുകളിലെയും പതിവ് ചോദ്യമാണ്. ദോശയും ഇഡ്ഡലിയും പുട്ടും അപ്പവുമൊക്കെ സ്ഥിരമായി കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തവും രുചികരവുമായ വിഭവമാണ് അവൽ ഒറട്ടി.

അടുക്കളയിൽ സാധാരണയായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത. ദോശമാവ് അരയ്ക്കുകയോ മണിക്കൂറുകളോളം പുളിപ്പിക്കാൻ വയ്ക്കുകയോ വേണ്ട. ഒരു കപ്പ് അവലും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ രുചികരമായ അവൽ ഒറട്ടി തയ്യാറാക്കാം.

**ആവശ്യമായ ചേരുവകൾ**

അവൽ – 1 കപ്പ്

അരിപ്പൊടി – ½ കപ്പ്

സവാള – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

ഇഞ്ചി – ചെറിയ കഷണം

പച്ചമുളക് – 2 എണ്ണം

കാരറ്റ് – 1 ചെറിയത് (ചെറുതായി അരിഞ്ഞത്)

കറിവേപ്പില – ആവശ്യത്തിന്

മല്ലിയില – ആവശ്യത്തിന്

ജീരകം – 1 ടീസ്പൂൺ

കായപ്പൊടി – ½ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എണ്ണ – ആവശ്യത്തിന്

വെള്ളം – അവൽ കുതിർക്കാൻ ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് അവൽ എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് കുതിർക്കാൻ വയ്ക്കുക. തുടർന്ന് അരിപ്പ ഉപയോഗിച്ച് വെള്ളം പൂർണമായും ഊറ്റിക്കളയണം.

കുതിർന്ന അവൽ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കാരറ്റ്, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കുക.

ശേഷം ഒരു ടീസ്പൂൺ ജീരകം, അര ടീസ്പൂൺ കായപ്പൊടി, അരക്കപ്പ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കണം. മാവ് പരത്താൻ കഴിയുന്ന പരുവത്തിലായിരിക്കണം. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം.

കൈയിൽ അല്പം എണ്ണ പുരട്ടി മാവ് വീണ്ടും കുഴച്ചശേഷം ചെറിയ ഉരുളകളാക്കി മാറ്റുക.

ദോശത്തവ ചൂടാക്കി ഓരോ ഉരുളയും കൈകൊണ്ട് ഒറട്ടിയുടെ ആകൃതിയിൽ പരത്തുക. ഇരുവശങ്ങളിലും അല്പം എണ്ണ ഒഴിച്ച് ഇടത്തരം തീയിൽ തിരിച്ചും മറിച്ചും ചുട്ടെടുക്കാം.

ഇരുവശവും നന്നായി വെന്ത് നേരിയ സ്വർണനിറമായാൽ രുചികരമായ അവൽ ഒറട്ടി തയ്യാർ.

**രുചി കൂട്ടാൻ ചില ടിപ്പുകൾ**

അവൽ അധികനേരം വെള്ളത്തിൽ കുതിർക്കാതിരിക്കാൻ ശ്രദ്ധിക്കണം. മാവ് വളരെ അയഞ്ഞുപോകാതിരിക്കാൻ വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. ഒറട്ടി ചെറിയ തീയിൽ ചുട്ടെടുക്കുന്നത് ഉൾഭാഗം നന്നായി വേവാനും പുറംഭാഗം നേരിയ മൊരിഞ്ഞ പരുവത്തിലാകാനും സഹായിക്കും.

തേങ്ങ ചമ്മന്തി, തക്കാളി ചട്ണി, അല്ലെങ്കിൽ ഇഷ്ടമുള്ള കറി എന്നിവയ്ക്കൊപ്പം ചൂടോടെ വിളമ്പാം.

പതിവ് പ്രഭാതഭക്ഷണങ്ങളിൽനിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ലളിതമായ വിഭവമാണ് അവൽ ഒറട്ടി. കുറച്ച് ചേരുവകൾ ഉപയോഗിച്ച് നാളത്തെ ബ്രേക്ക്‌ഫാസ്റ്റ് വ്യത്യസ്തമാക്കാം.

This article shares a simple recipe for aval oratti, a quick and tasty breakfast alternative for those bored with regular dishes like dosa and idli. It explains the ingredients, preparation steps, and tips to make the dish crisp and flavorful.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390403/aval-oratti-breakfast-recipe)