---
title: "'തെറ്റൊന്നും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന വിവരിക്കാനാകില്ല'; അഭിരാം കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ആഭ്യന്തരമന്ത്രി, പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കും"
english_title: "Abhiram Murder Case 'Rarest of Rare'; Strict Action Against Accused Assured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390397/abhiram-murder-case-strict-action-assured"
published_at: "2026-11-05T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeca702b5f20_abhiram-murder-case-strict-action-assured.jpg"
keywords: ["AbhiramCase", "RameshChennithala", "MurderCase", "JuvenileJustice", "KeralaNews"]
---

# 'തെറ്റൊന്നും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന വിവരിക്കാനാകില്ല'; അഭിരാം കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് ആഭ്യന്തരമന്ത്രി, പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കും

> **Lead Summary:** തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റൊന്നും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖം വിവരിക്കാനാകാത്തതാണ്.

## Article Content

തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തെറ്റൊന്നും ചെയ്യാത്ത മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖം വിവരിക്കാനാകാത്തതാണ്.

അഭിരാമിനുണ്ടായ ദുരന്തം ഇനി കേരളത്തിലെ ഒരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് ആ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കുടുംബം തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ പൊലീസ് തുടക്കം മുതൽ തന്നെ ശക്തമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനും തുടരന്വേഷണം ഊർജിതമാക്കാനും പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഹീനമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജുവനൈൽ ജസ്റ്റിസ് ആക്ട് നിലവിൽ വന്നതിനു ശേഷം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വലിയ തോതിലുള്ള നിയമ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്നത് ഗൗരവകരമായ വിഷയമാണ്.

ഇത്തരം വിഷയങ്ങളിൽ ആവശ്യമാണെങ്കിൽ നിയമഭേദഗതി കൊണ്ടുപോഷുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചേരാനല്ലൂരിൽ വാഹനാപകടക്കേസിൽ പ്രതിയായ കുട്ടിക്ക് പെട്ടെന്ന് ജാമ്യം ലഭിച്ച നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

'ഒരു പാവപ്പെട്ട മനുഷ്യന്റെ മൃതദേഹം ചിതയിലടക്കും മുൻപേയാണ് അപകടമുണ്ടാക്കിയ കുട്ടിക്ക് ജാമ്യം ലഭിച്ചത്. നിലവിലുള്ള ജുവനൈൽ റൂളിന്റെ മറവിലാണ് ഇത്തരം ജാമ്യങ്ങൾ അനുവദിക്കപ്പെടുന്നത്. അർദ്ധരാത്രിയിൽ കുട്ടികൾ വണ്ടിയുമായി ഇറങ്ങുമ്പോൾ എന്തുകൊണ്ട് ആരും വിലക്കുന്നില്ല? ഇത്തരക്കാർക്ക് സംരക്ഷണം നൽകുന്നത് ശരിയല്ല.

അപകടത്തിൽപ്പെട്ട ഇരയുടെ കുടുംബത്തിനൊപ്പമാണ് സർക്കാർ നിൽക്കുന്നത്. ചേരാനല്ലൂരിൽ കുട്ടിക്ക് ലഭിച്ച ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും,' രമേശ് ചെന്നിത്തല പറഞ്ഞു.

അഭിരാം വധക്കേസിൽ മാതാപിതാക്കൾ നിർദ്ദേശിക്കുന്ന അഭിഭാഷകനെ തന്നെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുമെന്നും നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമസഹായങ്ങളും കുടുംബത്തിന് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി

Home Minister Ramesh Chennithala said the accused in the Abhiram murder case will face the strictest possible punishment and described the crime as one of the rarest of rare. He also said the government will appoint the lawyer suggested by the victim’s parents as special public prosecutor and provide all necessary legal support to the family.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390397/abhiram-murder-case-strict-action-assured)