---
title: "സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍"
english_title: "Mohanlal Named Brand Ambassador of ‘Kathir’ Farm Initiative"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390378/mohanlal-kathir-agriculture-project-brand-ambassador"
published_at: "2026-11-05T19:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec8646417f0_mohanlal-kathir-agriculture-project-brand-ambassador.jpg"
keywords: ["Mohanlal", "KathirProject", "KeralaAgriculture", "SchoolClubs", "EducationDept"]
---

# സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

> **Lead Summary:** തിരുവനന്തപുരം : വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താൻ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താൻ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിര്‍’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ‘കതിര്‍’ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

താൻ കൃഷി ഇഷ്ടപ്പെടുന്ന ആളാണെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്ന കതിര്‍ കാർഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

> “കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെ” എന്നും മോഹൻലാൽ പറഞ്ഞു. പദ്ധതിക്ക് തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിര്‍ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കതിര്‍ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. പദ്ധതി സുഗമമായി നടപ്പാക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കും. ഉദ്യോഗസ്ഥതല പരിശീലനം തിരുവനന്തപുരത്ത് രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കിയിട്ടുണ്ട്. 

Actor Mohanlal has been announced as the brand ambassador of Kerala’s ‘Kathir’ agricultural initiative, aimed at building farm awareness among students. The first phase will set up agricultural clubs in 500 schools, with plans to expand statewide next academic year.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390378/mohanlal-kathir-agriculture-project-brand-ambassador)