---
title: "'മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ കോടതി വിധി കാത്തിരിക്കേണ്ട'; ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി"
english_title: "Licence Can Be Cancelled Without Waiting for Conviction: Kerala High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/390275/drunk-driving-licence-cancellation-high-court"
published_at: "2026-11-05T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf8137fe73_drunk-driving-licence-cancellation-high-court.jpg"
keywords: ["DrunkDriving", "LicenceCancellation", "KeralaHighCourt", "MotorVehiclesAct", "RoadSafety"]
---

# 'മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ കോടതി വിധി കാത്തിരിക്കേണ്ട'; ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

> **Lead Summary:** കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കാനോ ലൈസൻസ് കൈവശം വയ്ക്കുന്നതിൽനിന്ന് അയോഗ്യനാക്കാനോ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് അധികാരമുണ്ട്.

## Article Content

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കാനോ ലൈസൻസ് കൈവശം വയ്ക്കുന്നതിൽനിന്ന് അയോഗ്യനാക്കാനോ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് അധികാരമുണ്ട്.

എന്നാൽ, ഉചിതമായ സാഹചര്യങ്ങളിൽ പോലും ലൈസൻസ് റദ്ദാക്കാനുള്ള അധികാരം വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നിഷ്ക്രിയത്വത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

തൃശൂർ ചൂണ്ടൽ-കുന്നംകുളം റോഡിൽ ബൈക്കിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ജാമ്യം തേടി കണിപ്പയ്യൂർ സ്വദേശി കെ.എ. ഗീവർഗീസ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ബ്രീത്ത് അനലൈസർ പരിശോധനയിൽ 100 മില്ലിലിറ്റർ രക്തത്തിൽ 86 മില്ലിഗ്രാം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അനുവദനീയ അളവ് 30 മില്ലിഗ്രാമാണ്.

നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിട്ടും നടപടിയെടുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ അനാസ്ഥ കാട്ടുന്നതായി കോടതി പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വിലപ്പെട്ട ജീവനുകൾ അപഹരിക്കുകയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം നൽകുന്ന അധികാരങ്ങൾ അതീവ ഗൗരവത്തോടെ പ്രയോഗിക്കാൻ അധികൃതർ തയാറാകണം.

മദ്യപിച്ച് വാഹനമോടിക്കുന്നതുമൂലം അപകടം സംഭവിക്കുകയും പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ മദ്യപിച്ചതായി വ്യക്തമാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ, മോട്ടോർ വാഹന നിയമപ്രകാരമുള്ള അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗതാഗത കമീഷണറോട് കോടതി നിർദേശിച്ചു.

തൃശൂരിലെ കേസിൽ അന്വേഷണം പൂർത്തിയായത് പരിഗണിച്ച കോടതി, ഹരജിക്കാരന് ജാമ്യം അനുവദിച്ചു. അതേസമയം, പ്രതിയുടെ ലൈസൻസും ബന്ധപ്പെട്ട രേഖകളും ഉടൻ ലൈസൻസിങ് അതോറിറ്റിക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചു. നിയമപ്രകാരം തുടർനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

The Kerala High Court has said that in drunk-driving accident cases, authorities need not wait for a court conviction before initiating licence cancellation or disqualification. The court also expressed dissatisfaction over the Motor Vehicles Department’s reluctance to use its powers and directed the Transport Commissioner to ensure prompt action in such cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/390275/drunk-driving-licence-cancellation-high-court)