---
title: "'ബിഗ് ഷോ'യ്ക്ക് തിരശ്ശീല; ഓസ്‌ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു"
english_title: "Glenn Maxwell retires from international cricket after 14 years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389987/glenn-maxwell-retires-international-cricket"
published_at: "2026-11-03T08:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9503fb3964_glenn-maxwell-retires-international-cricket.jpg"
keywords: ["GlennMaxwell", "AustraliaCricket", "CricketRetirement", "WorldCup", "T20Leagues"]
---

# 'ബിഗ് ഷോ'യ്ക്ക് തിരശ്ശീല; ഓസ്‌ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

> **Lead Summary:** ഓസ്‌ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് 38കാരനായ താരം പിന്മാറുന്നതെന്ന് അറിയിച്ചത്. 14 വർഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.

## Article Content

ഓസ്‌ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് 38കാരനായ താരം പിന്മാറുന്നതെന്ന് അറിയിച്ചത്. 14 വർഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.

‘ദി ഫൈനൽ വേഡ്’ പോഡ്കാസ്റ്റിലൂടെയാണ് മാക്‌സ്‌വെൽ തീരുമാനം വ്യക്തമാക്കിയത്. ടീം മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് വിരമിക്കൽ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ യാത്രയയപ്പ് മത്സരം കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ 2028 ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ഭാവി ലക്ഷ്യങ്ങൾ മുൻനിർത്തി യുവതാരങ്ങൾക്ക് അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ നിലപാട് മനസ്സിലാക്കുന്നുവെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി.

ഓസ്‌ട്രേലിയക്കായി 7 ടെസ്റ്റുകൾ, 149 ഏകദിനങ്ങൾ, 130 ടി20 മത്സരങ്ങൾ എന്നിവയാണ് അദ്ദേഹം കളിച്ചത്. ഏകദിനത്തിൽ 3,990 റൺസും ടി20യിൽ 2,897 റൺസും ടെസ്റ്റിൽ 339 റൺസുമാണ് സമ്പാദ്യം. മൂന്ന് ഫോർമാറ്റുകളിലുമായി 136 അന്താരാഷ്ട്ര വിക്കറ്റുകളും മാക്‌സ്‌വെൽ നേടി.

2012 ഓഗസ്റ്റ് 25-ന് ഷാർജയിൽ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലൂടെയാണ് അന്താരാഷ്ട്ര അരങ്ങേറ്റം. അതേ വർഷം സെപ്റ്റംബറിൽ ദുബായിൽ പാകിസ്താനെതിരേ ടി20 അരങ്ങേറ്റവും 2013 മാർച്ചിൽ ഹൈദരാബാദിൽ ഇന്ത്യക്കെതിരേ ടെസ്റ്റ് ക്യാപ്പും ലഭിച്ചു. 2015 ഏകദിന ലോകകപ്പ്, 2021 ട്വന്റി20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ് എന്നിവ നേടിയ ഓസ്‌ട്രേലിയൻ ടീമുകളിലും അദ്ദേഹം അംഗമായിരുന്നു.

2023 ലോകകപ്പിൽ മുംബൈയിലെ വാങ്കഡെയിൽ അഫ്ഗാനിസ്താനെതിരേ പുറത്താകാതെ 201 റൺസ് അടിച്ച ഇന്നിങ്‌സാണ് കരിയറിലെ ഏറ്റവും ശ്രദ്ധേയമായത്. 292 റൺസ് പിന്തുടർന്ന മത്സരത്തിൽ 91 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഓസ്‌ട്രേലിയയെ മാക്‌സ്‌വെൽ ഒറ്റയ്ക്ക് കളിയിൽ തിരിച്ചുകൊണ്ടുവന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമൊത്ത് 202 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി 19 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു വിജയം.

കഴിഞ്ഞ കുറച്ചുകാലമായി ടീമിലെ സാന്നിധ്യം കുറഞ്ഞിരുന്നു. 2025 ജൂണിൽ ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലോടെ ഏകദിനത്തിൽ നിന്ന് വിരമിച്ച അദ്ദേഹം, 2026 ഏപ്രിലിൽ പ്രഖ്യാപിച്ച 2026-27 സീസണിലെ സെൻട്രൽ കരാർ പട്ടികയിലും ഇടം നേടിയില്ല. 2026 ഫെബ്രുവരി 20-ന് ഒമാനെതിരായ ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിലാണ് അവസാനമായി ഓസ്‌ട്രേലിയൻ ജേഴ്‌സി അണിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറിയെങ്കിലും വിവിധ ടി20 ഫ്രാഞ്ചൈസി ലീഗുകളിലും ബിഗ് ബാഷ് ലീഗിലും മാക്‌സ്‌വെൽ തുടരും.

Australia all-rounder Glenn Maxwell has retired from international cricket after a 14-year career across formats. He made the announcement on The Final Word podcast, saying the decision followed discussions with team management and a desire to make way for younger players.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389987/glenn-maxwell-retires-international-cricket)