---
title: "'പെൺകുട്ടിക്ക് മോശം സന്ദേശമയച്ചത് അഭിരാമല്ല'....17 -കാരന്റെ കൊലപാതകം: ആസൂത്രിതമെന്ന കണ്ടെത്തലില്‍ പൊലീസ്; ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴി"
english_title: "17-Year-Old’s Murder Was Planned, Police Suspect More People Were Involved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389973/17-year-old-murder-planned-police-suspect"
published_at: "2026-11-03T06:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae93983db535_17-year-old-murder-planned-police-suspect.jpg"
keywords: ["KeralaCrime", "Abhiram Murder", "Thiruvananthapuram", "MurderCase", "PoliceInvestigation", "TeenCrime"]
---

# 'പെൺകുട്ടിക്ക് മോശം സന്ദേശമയച്ചത് അഭിരാമല്ല'....17 -കാരന്റെ കൊലപാതകം: ആസൂത്രിതമെന്ന കണ്ടെത്തലില്‍ പൊലീസ്; ലക്ഷ്യമിട്ടത് മറ്റൊരു സുഹൃത്തിനെയെന്ന് പ്രതിയുടെ മൊഴി

> **Lead Summary:** തിരുവനന്തപുരം: പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലില്‍ പൊലീസ്. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.

## Article Content

തിരുവനന്തപുരം: പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലില്‍ പൊലീസ്. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും, മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും കേസിലെ പ്രധാന പ്രതിയായ 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു.

അഭിരാമുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. നിലവില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17കാരന്‍ ആണ് കേസിലെ പ്രധാന പ്രതി. പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. മറ്റൊരു പ്രതിയായ ഉമര്‍ കാപ്പ കേസ് പ്രതിയാണ്.

കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളില്‍ ഉമറിനെതിരെ മോഷണം, ലഹരി കടത്ത്, അടിപിടി കേസുകളും നിലവിലുണ്ട്.

കൊലപാതകം നടത്തിയ 17കാരനും 16കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് വിവരം. അഭിരാം പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മോശം സന്ദേശങ്ങള്‍ അയക്കുന്നത് ചോദ്യം ചെയ്യാനാണ് വിളിച്ചുവരുത്തിയതെന്നും തര്‍ക്കത്തിനിടയില്‍ കൊലപാതകം സംഭവിച്ചെന്നുമാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം.

എന്നാല്‍, പെണ്‍കുട്ടിക്ക് മോശം സന്ദേശങ്ങളയച്ചിരുന്നത് അഭിരാമിന്റെ സുഹൃത്താണെന്നാണ് പ്രതികള്‍ ഇപ്പോള്‍ പൊലീസിനോട് പറയുന്നത്. ഈ സുഹൃത്തിനെ വിളിച്ചുവരുത്തുന്നതിനായി അഭിരാമിനെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, തര്‍ക്കത്തിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണങ്ങള്‍ക്കും സ്ഥിരീകരണങ്ങള്‍ക്കും ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

Police believe the murder of a 17-year-old in Pangappara was premeditated and suspect that more people were involved. The accused has reportedly told investigators that the victim was not the intended target and that the attack happened during a dispute.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389973/17-year-old-murder-planned-police-suspect)