---
title: "'ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളത് ...സൂര്യനും ചന്ദ്രനും ഞങ്ങളുടേത്, മുസ്ലിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ട് ഈദ് ആഘോഷിക്കണം'; വിവാദപരാമർശവുമായി ബിജെപി എംഎൽഎ"
english_title: "BJP MLA Sparks Row With Remark Claiming Sun and Moon Belong to Sanatana Dharma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389877/bjp-mla-sanatana-dharma-eid-row"
published_at: "2026-11-02T12:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae83b2521d50_bjp-mla-sanatana-dharma-eid-row.jpg"
keywords: ["BJPMLA", "EidControversy", "SanatanaDharma", "MadhyaPradesh", "ReligiousFreedom"]
---

# 'ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളത് ...സൂര്യനും ചന്ദ്രനും ഞങ്ങളുടേത്, മുസ്ലിങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ട് ഈദ് ആഘോഷിക്കണം'; വിവാദപരാമർശവുമായി ബിജെപി എംഎൽഎ

> **Lead Summary:** ഭോപ്പാൽ: സൂര്യനും ചന്ദ്രനും സനാതന ധർമത്തിന്റേതാണെന്നും മുസ്ലിങ്ങൾ ഇനി തങ്ങളോട് ചോദിച്ച് ഈദ് ആഘോഷിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ. മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എംഎൽഎയാണ് ഭോപ്പാലിൽ നടന്ന സ്വദേശി മേളയിൽ മുസ്ലിം മതവിശ്വാസികളുടെ ആഘോഷത്തെ പരിഹസിക്കുന്ന പരാമർശം നടത്തിയത്.

## Article Content

ഭോപ്പാൽ: സൂര്യനും ചന്ദ്രനും സനാതന ധർമത്തിന്റേതാണെന്നും മുസ്ലിങ്ങൾ ഇനി തങ്ങളോട് ചോദിച്ച് ഈദ് ആഘോഷിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ. മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എംഎൽഎയാണ് ഭോപ്പാലിൽ നടന്ന സ്വദേശി മേളയിൽ മുസ്ലിം മതവിശ്വാസികളുടെ ആഘോഷത്തെ പരിഹസിക്കുന്ന പരാമർശം നടത്തിയത്.

ഈദ് ആഘോഷിക്കാൻ മുസ്ലിങ്ങൾ കാണുന്നത് സനാതന ധർമത്തിന്റെ ചന്ദ്രനെയാണെന്നായിരുന്നു മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എംഎൽഎയുടെ പ്രസ്താവന. ഭോപ്പാലിൽ നടന്ന സ്വദേശി മേളയിലാണ് പരാമർശം. ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളതെന്നും ശിവൻ ഗുഹയിൽ പോയാൽ ചന്ദ്രനെ കാണാനാകില്ലെന്നും ശർമ പറഞ്ഞു.

അങ്ങനെയെങ്കിൽ മുസ്ലിങ്ങൾ എങ്ങനെ ഈദ് ആഘോഷിക്കുമെന്നും ചോദിച്ചു. മുസ്ലിം മതവിശ്വാസികളുടെ ആഘോഷത്തെ പരിഹസിച്ച പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയർന്നു.

പ്രസ്താവനയ്ക്കെതിരെ മധ്യപ്രദേശ് മുസ്ലിം ഉത്സവ സമിതി സംസ്ഥാന അധ്യക്ഷൻ സീഷാൻ റഹ്മാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന് കത്തയച്ചു. ഒരു മതവിഭാഗത്തിന്റെ ആഘോഷത്തിന് മറ്റൊരാളുടെ അനുമതി വേണമെന്ന തരത്തിലുള്ള പരാമർശം മതസ്വാതന്ത്ര്യത്തിനെതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയുടെ വാക്കുകൾ മതവിശ്വാസികളെ അപമാനിക്കുന്നതാണെന്നും വിഷയത്തിൽ ബിജെപി നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

ബിജെപി എംഎൽഎയുടെ പരാമർശത്തിനെതിരെ മുസ്ലിം നേതാവ് അബ്ബാസ് ഹഫീസ് രംഗത്തെത്തി. മൂന്നുതവണ എംഎൽഎയായ ഒരാളിൽനിന്ന് കൂടുതൽ പക്വതയുള്ള വാക്കുകളാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈദ് ആഘോഷിക്കാൻ മുസ്ലിങ്ങൾ രാമേശ്വർ ശർമയുടെയോ ബിജെപി സർക്കാരിന്റെയോ അനുമതി ചോദിക്കേണ്ടതുണ്ടോയെന്നും ഹഫീസ് ചോദിച്ചു.

ചന്ദ്രൻ എല്ലാവർക്കും ഒരുപോലെയാണെന്നും ഈദ് ആഘോഷിക്കാൻ ആരുടെയും അനുമതിയോ അനുഗ്രഹമോ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം പ്രസ്താവനകൾ നടത്തുന്ന ജനപ്രതിനിധികളെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപി എംഎൽഎ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമി വിമർശിച്ചു. ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയും ഭൂമിയെയും പോലും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയിലെ എല്ലാം മനുഷ്യർക്ക് പൊതുവായുള്ളതാണെന്നും മതവിദ്വേഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഒക്ടോബർ 24 മുതൽ നവംബർ നാലുവരെ നടക്കുന്ന സ്വദേശി മേളയുടെ വേദിയിൽനിന്നാണ് വിവാദ പരാമർശമുണ്ടായത്. പ്രസംഗത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ഡൽഹിയിലെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തെയും രാമേശ്വർ ശർമ വിമർശിച്ചിരുന്നു. മതാഘോഷങ്ങളെക്കുറിച്ചുള്ള പ്രസ്താവന പുറത്തുവന്നതോടെ രാഷ്ട്രീയരംഗത്തും സാമൂഹികമാധ്യമങ്ങളിലും ചർച്ചയായി.

BJP MLA Rameshwar Sharma has triggered controversy after saying the sun and moon belong to Sanatana Dharma and that Muslims should seek permission before celebrating Eid. His remarks, made at a Swadeshi Mela in Bhopal, drew sharp criticism from Muslim leaders and religious scholars, who called them divisive and against religious freedom.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389877/bjp-mla-sanatana-dharma-eid-row)