---
title: "'മുരസു' ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും; ആന്ധ്രയിൽ റെഡ് അലർട്ട്, ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി"
english_title: "Murasu Cyclone to Make Landfall Tonight; Red Alert in Andhra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389858/murasu-cyclone-landfall-andhra-red-alert"
published_at: "2026-11-02T11:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae826e37b1c9_murasu-cyclone-landfall-andhra-red-alert.jpg"
keywords: ["CycloneAlert", "AndhraPradesh", "TamilNadu", "FlightCancellations", "TrainDisruptions"]
---

# 'മുരസു' ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും; ആന്ധ്രയിൽ റെഡ് അലർട്ട്, ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി

> **Lead Summary:** **അമരാവതി: **തീരദേശ മേഖലകളെ ഭീതിയിലാഴ്ത്തി 'മുരസു' ചുഴലിക്കാറ്റ് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കരതൊടും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

## Article Content

**അമരാവതി: **തീരദേശ മേഖലകളെ ഭീതിയിലാഴ്ത്തി 'മുരസു' ചുഴലിക്കാറ്റ് ഇന്ന് രാത്രി പതിനൊന്ന് മണിയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ കരതൊടും. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും നിലവിലുണ്ട്.

ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ചെന്നൈയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്കുള്ളവ ഉൾപ്പെടെ 11 വിമാന സർവീസുകൾ റദ്ദാക്കി. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വൈദ്യുത തകരാറുകൾ അതിവേഗം പരിഹരിക്കാൻ സഹായം തേടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തമിഴ്‌നാട് സർക്കാരിനെ സമീപിച്ചു. ആവശ്യമായ ആളുകളെയും സാങ്കേതിക ഉപകരണങ്ങളും വിട്ടുനൽകണമെന്നാണ് അഭ്യർത്ഥന. ഇതിന്മേൽ തമിഴ്‌നാട് മുഖ്യമന്ത്രി ഉടനടി നടപടിക്ക് നിർദേശം നൽകി. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ്  ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും ആന്ധ്രാപ്രദേശിലേക്ക് അയക്കുമെന്ന് തമിഴ്‌നാട് മന്ത്രി സി.ടി.ആർ നിർമൽകുമാർ വ്യക്തമാക്കി.

തമിഴ്‌നാട്ടിലും മഴ മുന്നറിയിപ്പ് ശക്തമാണ്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്. മുരസു ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.

Murasu cyclone is expected to make landfall in Nellore, Andhra Pradesh, around 11 p.m. tonight, with wind speeds likely reaching 100–110 kmph. Red alerts have been issued in five Andhra districts, while several flights and train services have been cancelled amid heavy rain warnings in Tamil Nadu and Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389858/murasu-cyclone-landfall-andhra-red-alert)