---
title: "അധ്യാപകർക്ക് ആശ്വാസം....! വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു"
english_title: "K-TET Controversial Circular Withdrawn in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389776/k-tet-controversial-circular-withdrawn-thiruvananthapuram"
published_at: "2026-11-01T19:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae740d9e0ade_k-tet-controversial-circular-withdrawn-thiruvananthapuram.jpg"
keywords: ["KTet", "KeralaTeachers", "GeneralEducationDepartment", "Thiruvananthapuram", "AidedSchools"]
---

# അധ്യാപകർക്ക് ആശ്വാസം....! വിവാദമായതിന് പിന്നാലെ നടപടി; കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു

> **Lead Summary:** തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഇടത് അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.

## Article Content

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ടുള്ള വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഇടത് അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. വിഷയത്തിൽ പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിലായിരുന്നു കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ പ്രൊമോഷനും പുതിയ നിയമനാംഗീകാരവും തടയുന്ന കർശന വ്യവസ്ഥകൾ ഉണ്ടായിരുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവെന്നാണ് സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നത്.

എന്നാൽ സർക്കുലർ പുറത്തുവന്നതിന് പിന്നാലെ തന്നെ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇറക്കിയ ഈ നടപടി എയ്ഡഡ് സ്കൂളുകളിലെ ആയിരത്തോളം അധ്യാപകരെ ബാധിക്കുമെന്നാണ് സംഘടനകളുടെ പരാതി.

2025 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷൻ ലഭിച്ചവരെ കാലതാമസമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേർട്ട് ചെയ്യാനും സർക്കുലറിൽ നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ 2025 ഒക്ടോബർ 29 മുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് പുതിയ നിയമനാംഗീകാരമോ സ്ഥാനക്കയറ്റമോ നൽകരുതെന്നും വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം ശക്തമായതോടെയാണ് മുൻ സർക്കുലർ പിൻവലിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതേസമയം, ഇനി സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

The General Education Department has withdrawn a controversial circular that blocked appointments and promotions for teachers without K-TET qualification. The move came after strong protests from teacher unions, and officials said a fresh decision will be announced soon.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389776/k-tet-controversial-circular-withdrawn-thiruvananthapuram)