---
title: "ചലോ ദില്ലിയിൽ വിറച്ച് തലസ്ഥാനം; മോദിയെ നിലക്ക് നിർത്താൻ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം'; ആഞ്ഞടിച്ച്  രാഹുൽ ഗാന്ധി"
english_title: "Chalo Delhi shakes capital as Rahul targets Gyanesh Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389770/chalo-delhi-shakes-capital-rahul-targets-gyanesh-kumar-"
published_at: "2026-11-01T17:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae72a4a5bc3f_chalo-delhi-shakes-capital-rahul-targets-gyanesh-kumar-.jpg"
keywords: ["ChaloDelhi", "RahulGandhi", "GyaneshKumar", "INDIABloc", "DelhiRally"]
---

# ചലോ ദില്ലിയിൽ വിറച്ച് തലസ്ഥാനം; മോദിയെ നിലക്ക് നിർത്താൻ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം'; ആഞ്ഞടിച്ച്  രാഹുൽ ഗാന്ധി

> **Lead Summary:** **** മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ചലോ ദില്ലി മാർച്ച് ദില്ലിയെ വിറപ്പിച്ചു. രാം ലീലാ മൈതാനത്തിലെ മഹാറാലിയിൽ നിന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ചു.

## Article Content

**** മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ ചലോ ദില്ലി മാർച്ച് ദില്ലിയെ വിറപ്പിച്ചു. രാം ലീലാ മൈതാനത്തിലെ മഹാറാലിയിൽ നിന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ചു.

രാജാജി മാർഗിൽ നിന്ന് രാം ലീലാ മൈതാനത്തേക്കുള്ള മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്. മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നിന്ന് പ്രധാന നേതാക്കൾ തുറന്ന വാഹനങ്ങളിൽ നീങ്ങിയപ്പോൾ, കൊണാട്ട് പ്ലേസിലെ മിന്റോ റോഡ് മുതൽ പ്രവർത്തകരുടെ വലിയ നിര തന്നെ വാഹനങ്ങൾക്ക് പിന്നാലെ ചേർന്നു.

പ്രതിഷേധം ആദ്യം രാം ലീലാ മൈതാനത്താണ് നിശ്ചയിച്ചിരുന്നതെങ്കിലും, രാജാജി മാർഗിൽ നിന്ന് നടന്ന നീക്കം ഇന്ത്യ സഖ്യ നേതാക്കളുടെ ശക്തിപ്രകടനമായി മാറി. മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം എ ബേബി, ഡി രാജ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, തെലങ്കാന-ഹിമാചൽ മുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം പിമാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

പ്രസംഗത്തിൽ രാഹുൽ ഗാന്ധി 2024 ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ചു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും, വോട്ടർപട്ടികയിലും ഇ വിഎമ്മിലുമൊക്കെ അട്ടിമറി നടന്നെന്നും അദ്ദേഹം പറഞ്ഞു.

> "ഇന്ന് ഈ മഹാറാലിയിലൂടെ കേന്ദ്ര സർക്കാരിന് ഇന്ത്യൻ ജനത കൃത്യമായ സന്ദേശം നൽകി കഴിഞ്ഞു. ഇത് ഭാരതത്തിന്‍റെ ശബ്‌ദമാണ്. ജനാധിപത്യം അവസാനിപ്പിക്കാൻ അനുവദിക്കില്ല. ഇത് രാജ്യത്തെ ജനങ്ങളുടെ ആകെ ശബ്ദമാണ്. ഭരണഘടന ഇല്ലാതാക്കാൻ അനുവദിക്കില്ല. നിങ്ങൾ എത്ര ശക്തരായാലും ഇന്ത്യ അതിനെ ചെറുക്കും. എത്രയോ സംസ്ഥാനങ്ങളിൽ വോട്ട് അട്ടിമറി നടന്നു.

വോട്ടർപട്ടികയിലും, ഇ വിഎമ്മിലുമൊക്കെ അട്ടിമറി നടന്നു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. വ്യാജ തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടി വരും. ഇത് വെറുമൊരു മോഷണമല്ല. അപൂർവങ്ങളിൽ അപൂർവമാണ്. എല്ലാ സ്ഥാപനങ്ങളും കൈയടക്കി. ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങൾ ആർ എസ് എസ് പിടിച്ചടക്കി.

ഈ സ്ഥാപനങ്ങളൊന്നും മോദിയുടെയോ അമിത് ഷായുടെതോ അല്ല. രാജ്യത്തിന്‍റെ സമ്പത്ത് അദാനിക്കും അമ്പാനിക്കും തീറെഴുതി. അദാനിക്കും അംബാനിക്കും കോടികളുടെ ആനുകൂല്യങ്ങൾ നൽകി. വിദ്യാഭ്യാസ രംഗത്തെ ഈ സർക്കാർ തകർത്തു. അങ്ങനെ സകല മേഖലകളും തകർത്ത് തരിപ്പണമാക്കി. ഗ്യാനേഷ് കുമാറിലൂടെ രാജ്യത്തെ തെരഞ്ഞെടുപ്പും അട്ടിമറിച്ചു.

മോദിയെ നിലക്ക് നിർത്താൻ ഗ്യാനേഷ് കുമാറിനെ ആദ്യം പുറത്താക്കണം. മോദിയും അമിത് ഷായും എവിടെയും പോകേണ്ട. നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അക്രമത്തിന്‍റെ വഴി സ്വീകരിക്കില്ല. സമാധാനത്തിന്‍റെ വഴിയിലൂടെ ഭരണഘടന സംരക്ഷിക്കും. ഞങ്ങളുടെ സ്നേഹത്തിന്‍റെ കട തുറന്നിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

> ഗ്യാനേഷ് കുമാർ രാജ്യത്തോട് ചെയ്തത് വലിയ കുറ്റമാണ്. ആ കുറ്റമടക്കം എല്ലാത്തിനുമുള്ള ശിക്ഷ ലഭിക്കണം. സ്നേഹത്തിന്‍റെ വഴിയിലൂടെ നമ്മൾ ലക്ഷ്യം കാണുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി." എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ലക്ഷ്യമിട്ടെത്തിയ ജനസാഗരം തലസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യ സഖ്യത്തിന്റെ ഐക്യം കാണിച്ച ഈ റാലി, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പുതിയ ഊർജം നൽകുന്നതായാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389770/chalo-delhi-shakes-capital-rahul-targets-gyanesh-kumar-)