---
title: "ചിരിപ്പിച്ച കലാകാരൻ ഒടുവിൽ അഴിക്കുള്ളിലേക്ക്! ലൈസൻസ് മാറ്റാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ"
english_title: "Panchayat Head Clerk Caught by Vigilance for Rs 5,000 Bribe Over License Transfer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389725/panchayat-head-clerk-bribe-license-transfer"
published_at: "2026-11-01T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6cf6de8397_panchayat-head-clerk-bribe-license-transfer.jpg"
keywords: ["VigilanceRaid", "BriberyCase", "PanchayatOffice", "KeralaNews", "LicenseTransfer"]
---

# ചിരിപ്പിച്ച കലാകാരൻ ഒടുവിൽ അഴിക്കുള്ളിലേക്ക്! ലൈസൻസ് മാറ്റാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ

> **Lead Summary:** **പത്തനംതിട്ട: **അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. പത്തനംതിട്ട കുലശേഖരപതി സ്വദേശിയും അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലർക്കുമായ താജുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഫിനോഫ്തലിൻ മഷി പുരട്ടിയ കൈക്കൂലി പണം വിജിലൻസ് സംഘം കണ്ടെടുത്തു. മിമിക്രി കലാകാരൻ കൂടിയായ താജുദ്ദീൻ സ്റ്റേജ് ഷോകളിലും സജീവമായി പങ്കൈടുത്തിരുന്ന വ്യക്തിയാണ്.

## Article Content

**പത്തനംതിട്ട: **അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. പത്തനംതിട്ട കുലശേഖരപതി സ്വദേശിയും അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലർക്കുമായ താജുദ്ദീൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഫിനോഫ്തലിൻ മഷി പുരട്ടിയ കൈക്കൂലി പണം വിജിലൻസ് സംഘം കണ്ടെടുത്തു. മിമിക്രി കലാകാരൻ കൂടിയായ താജുദ്ദീൻ സ്റ്റേജ് ഷോകളിലും സജീവമായി പങ്കൈടുത്തിരുന്ന വ്യക്തിയാണ്.

വെൺമണി സ്വദേശിയായ മത്സ്യവ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി. അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം ഏറ്റെടുത്ത പരാതിക്കാരൻ, പഴയ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റാനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് താജുദ്ദീൻ ലൈസൻസ് നൽകാൻ തയ്യാറായില്ല.

കഴിഞ്ഞ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ കടയിലെത്തി ലൈസൻസ് ആവശ്യപ്പെടുകയും തുടർന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ വ്യാപാരിയോട് 20,000 രൂപ പിഴ അടയ്ക്കാൻ താജുദ്ദീൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്നാൽ 8,000 രൂപ നൽകിയാൽ പിഴ ഒഴിവാക്കാമെന്ന് അറിയിച്ച ഇയാൾ, ഒടുവിൽ തുക 5,000 രൂപയായി കുറച്ചുനൽകി.

തുടർന്ന് വ്യാപാരി പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം തന്ത്രപരമായി കെണിയൊരുക്കി. മഷി പുരട്ടിയ 5,000 രൂപ വ്യാപാരിക്ക് നൽകി താജുദ്ദീന് കൈമാറാൻ നിർദ്ദേശിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി പണം കൈമാറിയ ഉടൻ സമീപത്ത് ഒളിച്ചിരുന്ന വിജിലൻസ് സംഘം താജുദ്ദീനെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെയാണ് ഇയാൾ വിജിലൻസ് വലയിലാകുന്നത്. മുൻപും പണപ്പിരിവ് സംബന്ധിച്ച് താജുദ്ദീനെതിരെ പരാതികൾ ഉണ്ടായിരുന്നതായി പോലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

Airur panchayat head clerk Tajudheen was caught by Vigilance while allegedly accepting a Rs 5,000 bribe to transfer a business licence. The trap was set after a fish trader complained that the clerk had first demanded a fine and then agreed to waive it for a payment.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389725/panchayat-head-clerk-bribe-license-transfer)