---
title: "വധശ്രമമല്ല, ഉന്തും തള്ളും മാത്രം! വീണാ ജോർജ് കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം, റിപ്പോർട്ട് ഡിജിപിക്ക് കൈമാറി"
english_title: "SIT says KSU activists did not attack Veena George"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389701/veena-george-attack-sit-report-ksu-activists"
published_at: "2026-11-01T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae6a3491c492_veena-george-attack-sit-report-ksu-activists.jpg"
keywords: ["VeenaGeorge", "KSU", "Kannur", "KeralaNews", "SITReport"]
---

# വധശ്രമമല്ല, ഉന്തും തള്ളും മാത്രം! വീണാ ജോർജ് കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം, റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

> **Lead Summary:** കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതിഷേധക്കാർക്ക് വീണാ ജോർജിന്റെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നും സംഭവം പെരുപ്പിച്ച് കാണിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

## Article Content

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതിഷേധക്കാർക്ക് വീണാ ജോർജിന്റെ അടുത്തെത്താൻ കഴിഞ്ഞില്ലെന്നും സംഭവം പെരുപ്പിച്ച് കാണിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമിച്ചെന്ന കേസിൽ ഗൺമാൻ നൽകിയ മൊഴി മാറിയ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും എസ്‌ഐടി വിലയിരുത്തി. കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നും, ആക്രമണത്തിനുപയോഗിച്ചെന്നു പറയുന്ന ആയുധങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്‌ഐടി തലവൻ യു. പ്രേമനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.

എന്നാൽ, ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന മുൻ മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തി. വീണയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ്‌ഐടിക്ക് നൽകിയ പുതിയ മൊഴി. വീണയുടെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

അന്ന് കണ്ണൂരിൽ എത്തിയ ആരോഗ്യമന്ത്രിക്കെതിരെ അഞ്ചിടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ മർദിച്ചതിനെ തുടർന്നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധം കൂടുതൽ ശക്തമായത്. ഏകദേശം രണ്ട് മിനിറ്റോളം ഒന്നാം പ്ലാറ്റ്ഫോമിന് മുന്നിൽ ഉന്തും തള്ളും ബഹളവുമായിരുന്നു.

പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാർത്ത പെട്ടെന്ന് വ്യാപിച്ചതോടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആശുപത്രിയിലെത്തി. പിന്നീട് റോഡുനീളെ പ്രതിഷേധം ഉയർന്നു.

രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ കൂടുതൽ പരിശോധനയ്ക്കായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‌യുക്കാരെ ടൗൺ പൊലീസ് റെയിൽവേ പൊലീസിന് കൈമാറി. രാത്രി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പുലർച്ചെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാഴ്ചയ്ക്കുശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിൽ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷയ്ക്കായി എത്തിയ ടൗൺ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമം സ്ഥിരീകരിക്കുന്നില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും അത്തരം ആക്രമണം കാണുന്നില്ല.

അതേസമയം, കഴുത്തിലെ കശേരുക്കളിൽ വേദനയുണ്ടെന്ന മെഡിക്കൽ ബുള്ളറ്റിൻ പരിയാരം ആശുപത്രിയിൽ നിന്ന് മണിക്കൂറുകളുടെ ഇടവേളയിൽ തുടർച്ചയായി വന്നിരുന്നു. അടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് സ്വന്തം കാറിലാണ് മന്ത്രി നാട്ടിലേക്ക് മടങ്ങിയത്. മൊഴിയെടുക്കാൻ അന്വേഷണ സംഘം പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കേസ് രണ്ടുമാസം പൂർത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389701/veena-george-attack-sit-report-ksu-activists)