---
title: "70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി"
english_title: "Kerala Turns 70: Kerala Piravi Day Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389692/kerala-turns-70-kerala-piravi-day"
published_at: "2026-11-01T06:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae69323608bc_kerala-turns-70-kerala-piravi-day.jpg"
keywords: ["KeralaPiravi", "Kerala70", "MalayalamIdentity", "KeralaNews"]
---

# 70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി

> **Lead Summary:** തിരുവനന്തപുരം: ഭാഷയുടെ പേരിൽ ഒരു ജനത ഒന്നായിത്തീർന്ന ചരിത്രദിനത്തിൽ കേരളം ഇന്ന് 70-ാം പിറവി ആഘോഷിക്കുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറുമെന്ന അതിരുകൾ മായ്ച്ച് 'മലയാളം' എന്ന ഒറ്റ വികാരത്തിൽ ലയിച്ചപ്പോൾ പിറന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, ഒരു സ്വപ്ന രാഷ്ട്രീയഭൂമിക കൂടിയായിരുന്നു.

## Article Content

തിരുവനന്തപുരം: ഭാഷയുടെ പേരിൽ ഒരു ജനത ഒന്നായിത്തീർന്ന ചരിത്രദിനത്തിൽ കേരളം ഇന്ന് 70-ാം പിറവി ആഘോഷിക്കുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറുമെന്ന അതിരുകൾ മായ്ച്ച് 'മലയാളം' എന്ന ഒറ്റ വികാരത്തിൽ ലയിച്ചപ്പോൾ പിറന്നത് ഒരു ഭൂപ്രദേശം മാത്രമല്ല, ഒരു സ്വപ്ന രാഷ്ട്രീയഭൂമിക കൂടിയായിരുന്നു.

അമ്മമലയാളത്തിന്റെ മധുരം നുണഞ്ഞുവളർന്ന ഓരോ മനസിനും ഇത് ആത്മാഭിമാനത്തിന്റെ സുദിനമാണ്. കടലും കായലും മലയും പുഴയും കൈകോർക്കുന്ന ഈ നാടിനെ 'ദൈവത്തിന്റെ സ്വന്തം ദേശം' എന്ന് ലോകം വിളിക്കുന്നത് വെറുതെയല്ല.

ജാതിമതഭേദങ്ങളുടെ മതിലുകൾക്കെതിരെ പോരാടിയ നവോത്ഥാന നായകരുടെ ചോരയും വിയർപ്പും വീണ മണ്ണാണ് കേരളം. സാക്ഷരതയിലും ആരോഗ്യത്തിലും ജനകീയാസൂത്രണത്തിലും ഭൂപരിഷ്കരണത്തിലും കേരളം ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു തന്നെ മാതൃക കാട്ടി.

അധികാരത്തേക്കാൾ വലുതാണ് ജനങ്ങളുടെ അവകാശബോധമെന്നും, രാഷ്ട്രീയമെന്നത് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയാണെന്നും നമ്മൾ രാജ്യത്തിന് കാണിച്ചുകൊടുത്തു. ചർച്ചകളും സംവാദങ്ങളും വിമർശനങ്ങളുമായി മലയാളിയുടെ ഓരോ അണുവിലും ഇന്നും ജീവിക്കുന്ന ജനാധിപത്യ ബോധമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്.

ലോകത്തിന്റെ ഏതു കോണിലും ഇന്ന് മലയാളി സ്വന്തം അടയാളപ്പെടുത്തലുകൾ തീർക്കുന്നുണ്ട്. അത് എവിടെയായാലും, ഓണവും വിഷുവും പെരുന്നാളും ക്രിസ്മസും ഒരേ മുറ്റത്ത് ആഘോഷിക്കുന്ന സൗഹാർദ്ദമാണ് നമ്മുടെ തിളക്കം.

വിദ്വേഷത്തിനു മുകളിൽ സ്നേഹവും, വിഭജനത്തിനു മുകളിൽ ഒരുമയും വിജയിക്കട്ടെ. മലയാളത്തെ നെഞ്ചോടു ചേർത്ത്, നമ്മുടെ നാടിനെ ഇനിയും ഉയരങ്ങളിലെത്തിക്കാൻ ഈ കേരളപ്പിറവി ദിനത്തിൽ നമുക്ക് കൈകോർക്കാം.

Kerala marks its 70th Kerala Piravi Day, celebrating the state’s formation on the foundation of Malayalam identity and regional unity. The piece highlights Kerala’s social progress, democratic spirit, and cultural harmony as enduring strengths.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389692/kerala-turns-70-kerala-piravi-day)