---
title: "മുഖം വരെ സ്കാൻ ചെയ്യും...! 250 ക്യാമറക്കണ്ണുകൾ, 3500 പോലീസുകാർ; ഇന്ത്യാസഖ്യ റാലിക്ക് ഡൽഹിയിൽ സുരക്ഷാകോട്ട തീർത്ത് പോലീസ്"
english_title: "Delhi Police deploys 3,500 personnel for India Bloc rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389667/delhi-police-india-bloc-rally-ramlila-maidan-new"
published_at: "2026-10-31T20:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae60631069bf_delhi-police-india-bloc-rally-ramlila-maidan1.jpg"
keywords: ["IndiaBloc", "RamlilaMaidan", "DelhiPolice", "CCTVSecurity", "CongressRally"]
---

# മുഖം വരെ സ്കാൻ ചെയ്യും...! 250 ക്യാമറക്കണ്ണുകൾ, 3500 പോലീസുകാർ; ഇന്ത്യാസഖ്യ റാലിക്ക് ഡൽഹിയിൽ സുരക്ഷാകോട്ട തീർത്ത് പോലീസ്

> **Lead Summary:** ന്യൂഡൽഹി: നാളെ രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്ത്യാസഖ്യ റാലിക്കായി ഡൽഹി പോലീസ് വൻ സുരക്ഷാസജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 200 മുതൽ 250 വരെ ഹൈ ഡെഫനീഷൻ സിസിടിവി ക്യാമറകൾ, തത്സമയ നിരീക്ഷണത്തിനുള്ള കൺട്രോൾ റൂമുകൾ, 3500 പോലീസുകാർ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. എസ്‌ഐആർ വിഷയത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം റാലി നടത്തുന്നത്.

## Article Content

ന്യൂഡൽഹി: നാളെ രാംലീലാ മൈതാനത്ത് നടക്കുന്ന ഇന്ത്യാസഖ്യ റാലിക്കായി ഡൽഹി പോലീസ് വൻ സുരക്ഷാസജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 200 മുതൽ 250 വരെ ഹൈ ഡെഫനീഷൻ സിസിടിവി ക്യാമറകൾ, തത്സമയ നിരീക്ഷണത്തിനുള്ള കൺട്രോൾ റൂമുകൾ, 3500 പോലീസുകാർ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. എസ്‌ഐആർ വിഷയത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം റാലി നടത്തുന്നത്.

ബാഗുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ, മെറ്റൽ ഡിറ്റക്ടറുകൾ, ബാരിക്കേഡുകൾ എന്നിവയുമായി സുരക്ഷാസേനാംഗങ്ങൾ ഇതിനകം മൈതാനപരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 12 ഏക്കർ വിസ്തൃതിയുള്ള രാംലീലാ മൈതാനത്തിന്റെ പ്രവേശനകവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും കർശന നിരീക്ഷണം ഉണ്ടാകും. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനുമായി പ്രത്യേക സംഘങ്ങളും സംവിധാനങ്ങളും സജ്ജമാണ്.

വേദിയും പരിസരപ്രദേശവും നിരീക്ഷണവലയത്തിലാക്കാൻ 200-250 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങൾ നിർദിഷ്ട കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കും. പോലീസുകാർ ശരീരത്തിൽ ഘടിപ്പിക്കാവുന്ന ക്യാമറകളും ധരിക്കും. എഐ സംവിധാനമുള്ള ക്യാമറകൾ മൈതാനത്തിനകത്തും പുറത്തും വ്യക്തികളുടെ മുഖം സ്‌കാൻ ചെയ്യും.

മൈതാനത്തെ 14 സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിന്റെയും മേൽനോട്ടം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ്. ഇവയെ എട്ട് പ്രദേശങ്ങളായി വീണ്ടും വിഭജിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. വേദിയിലും പരിസരത്തുമായി 3500 പോലീസുകാരെ വിന്യസിക്കും. ഇവർക്കൊപ്പം സിആർപിഎഫും ഉണ്ടാകും.

അൻപതിനായിരത്തോളം പേർ എത്തിച്ചേരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. മൈതാനത്ത് എട്ട് ഗേറ്റുകളുണ്ട്. ഇതിൽ മൂന്നിടങ്ങളിലൂടെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. വിഐപികൾക്കായി പ്രത്യേക ഗേറ്റും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കായി മറ്റൊരു ഗേറ്റും ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിന് മുൻപ് ആളുകൾ രണ്ടുഘട്ട പരിശോധനയ്ക്ക് വിധേയരാകണം.

അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ പുറത്തേക്ക് മാറ്റാൻ പ്രത്യേക ഗേറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് വോളണ്ടിയർമാർ, കുടിവെള്ളം, സ്ത്രീകൾക്കായി പ്രത്യേകം ശൗചാലയ സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ സംഘാടകർക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ട്രാഫിക് പോലീസിന്റെ നിർദേശപ്രകാരം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക, പങ്കെടുക്കാനെത്തുന്നവരെ കൊണ്ടുവരുന്ന ബസുകളുടെ വിവരങ്ങൾ എന്നിവയും സംഘാടകരിൽ നിന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്. ആ സമയപരിധിക്ക് പുറത്തായി പരിപാടി അനുവദിക്കില്ലെന്നും രാത്രി മൈതാനത്ത് തുടരാൻ അനുമതിയില്ലെന്നും പോലീസ് വ്യക്തമാക്കി.

Delhi Police has deployed extensive security arrangements for the India bloc rally scheduled at Ramlila Maidan on Friday. Around 3,500 police personnel, CCTV cameras, control rooms and other crowd-control measures have been put in place as the rally is expected to draw a large turnout.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389667/delhi-police-india-bloc-rally-ramlila-maidan-new)