---
title: "റെക്കോര്‍ഡുകളുടെ തിളക്കത്തില്‍ കായികമേളയ്ക്ക് ആവേശോജ്ജ്വല സമാപനം; അടുത്ത മേള കൊല്ലത്ത്"
english_title: "State School Sports Meet Ends on a Record High; Next Edition in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389656/state-school-sports-meet-kollam-next"
published_at: "2026-10-31T18:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5ecd6ca072_state-school-sports-meet-kollam-next.jpg"
keywords: ["KeralaSports", "SchoolSportsMeet", "Kozhikode", "SportsRecords"]
---

# റെക്കോര്‍ഡുകളുടെ തിളക്കത്തില്‍ കായികമേളയ്ക്ക് ആവേശോജ്ജ്വല സമാപനം; അടുത്ത മേള കൊല്ലത്ത്

> **Lead Summary:** കോഴിക്കോട്: റെക്കോർഡുകളുടെ തിളക്കത്തിൽ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനം. സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

## Article Content

കോഴിക്കോട്: റെക്കോർഡുകളുടെ തിളക്കത്തിൽ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനം. സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

മീറ്റ് റെക്കോർഡുകളുടെ പെരുമഴയും മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച കായികമേളയാണ് കോഴിക്കോട് നടന്നതെന്ന് മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. അടുത്ത വർഷത്തെ 69-ാമത് സംസ്ഥാന സ്കൂൾ കായികമേള കൊല്ലം ജില്ലയിൽ നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വിദ്യാർഥികൾക്കിടയിൽ മികച്ച കായികസംസ്കാരം വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ഭാഗമായി സ്കൂളുകളിൽ കായിക അധ്യാപകരുടെ തസ്തിക നിലനിർത്തുന്നതിനുള്ള വിദ്യാർഥികളുടെ കുറഞ്ഞ എണ്ണം 500-ൽ നിന്ന് 300 ആയി കുറച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എല്ലാ വിദ്യാലയങ്ങളിലും കായികപഠനം ഉറപ്പാക്കാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആറ് മീറ്റ് റെക്കോർഡുകളാണ് ഇത്തവണ തിരുത്തിക്കുറിച്ചത്. റെക്കോർഡ് ജേതാക്കളെ മന്ത്രി അഭിനന്ദിച്ചു.

**റെക്കോർഡ് നേടിയവർ:**

ശ്രീഹരി [തിരുവനന്തപുരം] - 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ്

വിഷ്ണു യാദവ് [കോട്ടയം] - ലോങ് ജംപ്

അതുൽ ടി.എം [ആലപ്പുഴ] - 100 മീറ്റർ

അനാമിക അജേഷ് - 100 മീറ്റർ ഹർഡിൽസ്

മലപ്പുറം സീനിയർ ബോയ്സ് ടീം - 4x400 മീറ്റർ റിലേ

ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പങ്കെടുപ്പിച്ച ഇൻക്ലൂസീവ് മത്സരങ്ങൾ ഈ മേളയുടെ സവിശേഷതയായി. റെഡ് അലർട്ടും ഇടിമിന്നൽ മുന്നറിയിപ്പുമുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയിലും മേള തടസ്സമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘാടന മികവിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായ ഭരണപരിഷ്കരണ കമ്മീഷൻ ചെയർപേഴ്സൺ ഡോ. എം.കെ മുനീർ പറഞ്ഞു.

കായികമേഖലയിലെ പ്രായതട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് പറഞ്ഞു. സ്കൂൾ കായികമേളയിലെ താരങ്ങൾ 2036 ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രതീക്ഷകളാണെന്നും അവർ കൂട്ടിച്ചേർത്തു.

The 68th Kerala State School Sports Meet concluded in Kozhikode with six meet records and strong public participation. Minister N. Shamsudheen announced that the 69th edition will be held in Kollam next year, while officials highlighted inclusive events and improved sports infrastructure.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389656/state-school-sports-meet-kollam-next)