---
title: "'സുഖമാണോ ചേട്ടാ എന്നാണ് സെല്ലിലുള്ള രാജന്‍ ജോസഫിനോട് ചോദിച്ചത്, ആക്രമിച്ചിട്ടില്ല' - ശ്രീനാദേവി കുഞ്ഞമ്മ"
english_title: "Shreenadevi Kunjamma Denies Assault on Rajan Joseph, Says She Only Asked ‘How Are You?’"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389650/shreenadevi-kunjamma-denies-assault-rajan-joseph"
published_at: "2026-10-31T17:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5d31e47bc2_shreenadevi-kunjamma-denies-assault-rajan-joseph.jpg"
keywords: ["RajanJoseph", "ShreenadeviKunjamma", "AdoorPoliceStation", "CongressLeader", "CCTVFootage"]
---

# 'സുഖമാണോ ചേട്ടാ എന്നാണ് സെല്ലിലുള്ള രാജന്‍ ജോസഫിനോട് ചോദിച്ചത്, ആക്രമിച്ചിട്ടില്ല' - ശ്രീനാദേവി കുഞ്ഞമ്മ

> **Lead Summary:** പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലായിരുന്ന അദ്ദേഹത്തോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ.

## Article Content

പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും സെല്ലിനുള്ളിലായിരുന്ന അദ്ദേഹത്തോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ.

കോൺഗ്രസ് പ്രവർത്തകർ അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്. ശ്രീനാദേവിയുടെ പരാതിയിൽ ജൂലൈ 11നാണ് രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്. തുടർന്നായിരുന്നു സ്റ്റേഷനിൽ നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്.

‘സ്റ്റേഷനുള്ളിൽ താൻ എന്ത് അക്രമമാണ് കാട്ടിയത്? സെല്ലിന് അകത്തേക്ക് ഞാൻ കയറിയിട്ടില്ല. എന്നെക്കാൾ 15-20 വയസ്സിന് മൂപ്പുള്ളയാളാണ് രാജൻ ജോസഫ്. അദ്ദേഹത്തോട് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചത്. അതൊരു ഭീഷണിയായി ഞാൻ കരുതുന്നില്ല’- ശ്രീനാദേവി വ്യക്തമാക്കി.

‘ഞാനാണ് പരാതി നൽകിയത്. എന്റെ പരാതിയിലാണ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിനാൽ പ്രതിയെ തിരിച്ചറിയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പ്രതിയെ തിരിച്ചറിയണമെന്ന് പൊലീസും എന്നെ അറിയിച്ചിരുന്നു. അതനുസരിച്ചുള്ള നടപടികൾ മാത്രമാണ് അവിടെ നടന്നത്.

പ്രതിയോട് ചിലപ്പോൾ സംസാരിച്ചിട്ടുണ്ടാകാം, അങ്ങനെയല്ലേ സംസാരിക്കേണ്ടത്? എന്നാൽ, തനിക്ക് മർദ്ദനമേറ്റിട്ടില്ലെന്ന് രാജൻ ജോസഫ് തന്നെ പരസ്യമായി സമ്മതിച്ചതാണ്. രാജൻ ജോസഫിന് മർദ്ദനമേറ്റിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോൾ, മനോജ് പറയുന്നത് മർദ്ദനമേറ്റു എന്നാണ്. ആദ്യം അവർ തമ്മിലൊരു ഐക്യമുണ്ടാകട്ടെ, എന്നിട്ടാകാം പരസ്പരം സഹായിക്കാനിറങ്ങുന്നത്’.

പൊലീസ് സ്റ്റേഷനകത്തോ പുറത്തോ യാതൊരുവിധ ആക്രമണവും നടന്നിട്ടില്ലെന്നും അവർ ആവർത്തിച്ചു. ‘അവിടെ സംഘർഷമുണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. സ്വാഭാവികമായും ഒരു പ്രതിയെ സംരക്ഷിക്കേണ്ട ചുമതല പൊലീസിനാണ്. ഞങ്ങൾ ആരും അവിടെ സംഘർഷമുണ്ടാക്കാൻ പോയതല്ല. സ്റ്റേഷനിലേക്ക് ആരും അതിക്രമിച്ചുകയറിയിട്ടുമില്ല’ -ശ്രീനാദേവി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂലൈ 11ന് നടന്ന സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലൂടെയാണ് പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലായിരുന്നു യൂട്യൂബർ രാജൻ ജോസഫിന്റെ അറസ്റ്റ്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ അടൂർ സ്റ്റേഷനിൽ എത്തിച്ച സമയത്തായിരുന്നു വൻ പ്രതിഷേധവും സംഘർഷവുമുണ്ടായത്.

പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് ശ്രീനാദേവി കുഞ്ഞമ്മക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാനും മറ്റ് പ്രവർത്തകരുമുണ്ടായിരുന്നു. സ്റ്റേഷനുള്ളിലെ സെല്ലിന് സമീപം വെച്ച് രാജൻ ജോസഫുമായി പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.

> Shreenadevi Kunjamma, a Pathanamthitta district panchayat member and Congress leader, denied assaulting YouTuber Rajan Joseph and said she only asked him, “How are you?” while he was in the cell. Her clarification came after CCTV visuals of the Adoor police station incident surfaced, showing a heated confrontation following Joseph’s arrest on her complaint.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389650/shreenadevi-kunjamma-denies-assault-rajan-joseph)