---
title: "എംബിഎ പഠിക്കാൻ ലണ്ടനിലേക്ക് പോയി, വീട്ടുകാരറിയാതെ നാട്ടിൽ തിരിച്ചെത്തി; പിന്നാലെ പുണെയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ, യുവതിയുടെ മരണത്തിൽ ദുരൂഹത"
english_title: "Woman Who Went to London for MBA Found Dead in Pune After Secret Return to India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389570/london-mba-woman-found-dead-pune"
published_at: "2026-10-31T10:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae578dc912b0_london-mba-woman-found-dead-pune.jpg"
keywords: ["MBAStudent", "PunePolice", "LondonReturn", "MysteryDeath", "IndiaCrime"]
---

# എംബിഎ പഠിക്കാൻ ലണ്ടനിലേക്ക് പോയി, വീട്ടുകാരറിയാതെ നാട്ടിൽ തിരിച്ചെത്തി; പിന്നാലെ പുണെയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ, യുവതിയുടെ മരണത്തിൽ ദുരൂഹത

> **Lead Summary:** പുണെ: എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ 34കാരിയെ പുണെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖിനെയാണ് വ്യാഴാഴ്ച പിംപ്രി ചിഞ്ച്‌വാദിലെ ഗഹുഞ്‌ജെ പ്രദേശത്തുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പുണെ: എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ 34കാരിയെ പുണെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖിനെയാണ് വ്യാഴാഴ്ച പിംപ്രി ചിഞ്ച്‌വാദിലെ ഗഹുഞ്‌ജെ പ്രദേശത്തുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പഠനത്തിനായി വിദേശത്തേക്ക് പോയ മുഗ്ധ കുടുംബത്തെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹത്തിൽ പരിക്കേറ്റതിന്റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

2025 ജൂലൈയിലാണ് മുഗ്ധ എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി അവിടെ പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. വിദേശത്തേക്ക് പോയശേഷവും ഫോൺകോളുകളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും കുടുംബവുമായി ബന്ധം പുലർത്തിയിരുന്നു.

എന്നാൽ ഒക്ടോബർ 24 മുതൽ മുഗ്ധയെ ബന്ധപ്പെടാൻ കുടുംബത്തിന് കഴിഞ്ഞില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ കുടുംബം ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തിനെ ബന്ധപ്പെട്ടു.

ഒക്ടോബർ 22നാണ് മുഗ്ധ അവസാനമായി സന്ദേശം അയച്ചതെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്ന് സുഹൃത്ത് ലണ്ടൻ പൊലീസിനെ സമീപിച്ച് കാണാതായതായി പരാതി നൽകി. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടതായി പൊലീസ് അറിയിക്കുകയായിരുന്നു. ഈ വിവരം സുഹൃത്ത് കുടുംബത്തെ അറിയിച്ചു.

മകളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ആശങ്കയിലായ മാതാപിതാക്കൾ ഇന്ത്യൻ അധികാരികളെയും ഇന്ത്യൻ ഹൈക്കമ്മിഷനെയും സഹായത്തിനായി സമീപിച്ചു. ഇതിനിടെ മുഗ്ധയുടെ പിതാവ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചു. ഒക്ടോബർ എട്ടിനും 25നും ഇടയിൽ ഫുഡ് ഡെലിവറി, ഓൺലൈൻ സർവീസ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ നടത്തിയ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടു.

ഇടപാടുകളിലൊന്ന് ഛത്രപതി സംഭാജിനഗറിലെ ഉസ്മാൻപുര പ്രദേശത്തുനിന്നാണ് നടന്നതെന്ന് കണ്ടെത്തി. ഇതോടെ മുഗ്ധ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കുടുംബം മനസ്സിലാക്കി. തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഗ്ധ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കണ്ടെത്തി. ഫ്ലാറ്റിലെത്തി മുറി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

മരണകാരണം കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണത്തിൽ, മുഗ്ധ ഏപ്രിലിൽ തന്നെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തിരുന്നതായും ഓഗസ്റ്റിൽ യുകെയിൽനിന്ന് മടങ്ങിയെത്തിയശേഷം ഇവിടെ താമസം ആരംഭിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

A 34-year-old woman from Chhatrapati Sambhajinagar, who had gone to London for MBA studies, was found dead in her Pune apartment. Police said she had returned to India without informing her family, and the cause of death is still under investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389570/london-mba-woman-found-dead-pune)