---
title: "കെഎസ്‌യു സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായ കെ.ഡി ദേവസ്യ അന്തരിച്ചു"
english_title: "KSU Founding Leader and Lawyer KD Devasia Passes Away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389558/ksu-founding-leader-kd-devasia-dies"
published_at: "2026-10-31T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae55f36b401d_ksu-founding-leader-kd-devasia-dies.jpg"
keywords: ["KSU", "CongressLeader", "Thalassery", "Advocate", "KeralaPolitics"]
---

# കെഎസ്‌യു സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായ കെ.ഡി ദേവസ്യ അന്തരിച്ചു

> **Lead Summary:** **തലശ്ശേരി: **കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ (കെഎസ്‌യു) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശ്ശേരി കൈതയ്ക്കൽ കെ.ഡി ദേവസ്യ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10.45-ന് തലശ്ശേരി കോടതിക്ക് സമീപമുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. കെ.ഡി ദേവസ്യയുടെ വേർപാടിൽ മുൻ മുഖ്യമന്ത്രി എ.കെ ആന്റണി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

## Article Content

**തലശ്ശേരി: **കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ (കെഎസ്‌യു) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശ്ശേരി കൈതയ്ക്കൽ കെ.ഡി ദേവസ്യ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 10.45-ന് തലശ്ശേരി കോടതിക്ക് സമീപമുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. കെ.ഡി ദേവസ്യയുടെ വേർപാടിൽ മുൻ മുഖ്യമന്ത്രി എ.കെ ആന്റണി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

മുൻ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, മുൻ കേന്ദ്രമന്ത്രി വയലാർ രവി, വി.എം സുധീരൻ തുടങ്ങിയവർക്കൊപ്പം കെഎസ്‌യു രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ദേവസ്യ. പൊതുപ്രവർത്തനത്തിനൊപ്പം നിയമരംഗത്തും അദ്ദേഹം മികച്ച വ്യക്തിമുദ്ര പതിപ്പിച്ചു. 1991 മുതൽ 1996 വരെ ജില്ലാ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. 1982 മുതൽ 1987 വരെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച അദ്ദേഹം, കണ്ണൂരിലെ ആർഎസ്എസ്-സിപിഎം രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും പ്രമുഖ കൊലപാതക കേസുകളിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായിട്ടുണ്ട്.

പേരാവൂർ ഹൈസ്‌കൂളിൽ വിദ്യാർത്ഥി നേതാവായി പൊതുപ്രവർത്തനം തുടങ്ങിയ അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയർമാനായും എറണാകുളം ഗവൺമെന്റ് ലോ കോളേജ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിമോചന സമരകാലത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പ്രശസ്തമായ തേവര മുരളി സമരത്തിന്റെ കൺവീനറായിരുന്നു. കെപിസിസി അംഗം, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയൻ പ്രസിഡന്റ്, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു.

പരേതരായ കൈതയ്ക്കൽ ദേവസ്യയുടെയും കൈപ്പനാനിക്കൽ ത്രേസ്യയുടെയും മകനാണ്. ഭാര്യ: കിളിയന്ത്ര നടയ്ക്കൽ റോസമ്മ. മക്കൾ: ഡി.കെ ബ്രിജേഷ് (കെപിസിസി ജനറൽ സെക്രട്ടറി - കർണാടക, എഐസിസി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ), മഹേഷ് ഡി.കെ (ബിസിനസ്, ദുബായ്), സ്മിത ഡി.കെ (സോഫ്റ്റ് വെയർ എൻജിനീയർ, ദുബായ്), അഡ്വ. അനിൽ ഡി.കെ (തലശ്ശേരി), വിനീത ഡി.കെ (സോഫ്റ്റ് വെയർ എൻജിനീയർ, യുകെ).

KSU founding leader and prominent Congress leader Advocate K.D. Devasia, 87, died in Thalassery. Funeral rites will begin Sunday morning at his residence near the Thalassery court and the body will be buried at St. Joseph’s Cathedral cemetery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389558/ksu-founding-leader-kd-devasia-dies)