---
title: "ഷാപ്പിൽ കയറാൻ പെണ്ണിന് എന്തിനാ വിലക്ക്? കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി"
english_title: "Women Can Now Work in Kallu Shops: Kerala High Court Quashes Ban"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389466/women-work-kallu-shops-high-court"
published_at: "2026-10-30T14:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4613fe0325_women-work-kallu-shops-high-court.jpg"
keywords: ["KeralaHighCourt", "WomenWorkers", "EmploymentRights", "AbkariRules", "GenderEquality"]
---

# ഷാപ്പിൽ കയറാൻ പെണ്ണിന് എന്തിനാ വിലക്ക്? കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം: ** കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്കാരി ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.

## Article Content

**തിരുവനന്തപുരം: ** കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്കാരി ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.

2002-ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേര് പറഞ്ഞ് തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കള്ളുഷാപ്പിൽ തൊഴിലാളിയായിരുന്ന ഇവരുടെ ഭർത്താവ് 2024-ൽ മരണപ്പെട്ടിരുന്നു. തുടർന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം കള്ളുഷാപ്പിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി അപേക്ഷ നൽകിയെങ്കിലും, സ്ത്രീകൾക്ക് കള്ളുഷാപ്പിൽ ജോലി ചെയ്യാൻ വിലക്കുണ്ടെന്ന ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതോടെയാണ് യുവതി നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകളെ തൊഴിൽസ്ഥലത്തെ പീഡനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂര മേഖലകളിലായതിനാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രയാസമാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, കള്ളുഷാപ്പുകളിലെയും വിദേശമദ്യ വിൽപനശാലകളിലെയും തൊഴിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തു.

എന്നാൽ സുരക്ഷയുടെ പേരിൽ സ്ത്രീകൾക്ക് ആകമാനം തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ കോടതി ഉറച്ചുനിൽക്കുകയായിരുന്നു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും തൊഴിലെടുക്കാനുള്ള അവകാശത്തെയും തടയുന്ന ചട്ടങ്ങൾ കാലഹരണപ്പെട്ടതാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

The Kerala High Court has struck down a rule that barred women from working in kallu shops, calling it a violation of fundamental rights and the freedom to work guaranteed by the Constitution. The court ruled that safety concerns cannot be used to deny women employment altogether, and quashed Rule 7(37) of the 2002 Kerala Abkari Shop Disposal Rules.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389466/women-work-kallu-shops-high-court)