---
title: "കൈതരിപ്പ് മാറിയോ ? നിർമ്മാണ സ്ഥലത്ത് അതിക്രമം, സൈറ്റ് എഞ്ചിനീയറെ ഹെൽമറ്റുകൊണ്ട് പല്ല് അടിച്ചുകൊഴിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ"
english_title: "Kozhikode Man Arrested for Assaulting Site Engineer at Construction Site"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389440/kozhikode-man-arrested-construction-site-assault"
published_at: "2026-10-30T13:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4480fecdd1_kozhikode-man-arrested-construction-site-assault.jpg"
keywords: ["KozhikodeCrime", "ConstructionSite", "AssaultCase", "PoliceArrest", "KeralaNews"]
---

# കൈതരിപ്പ് മാറിയോ ? നിർമ്മാണ സ്ഥലത്ത് അതിക്രമം, സൈറ്റ് എഞ്ചിനീയറെ ഹെൽമറ്റുകൊണ്ട് പല്ല് അടിച്ചുകൊഴിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ** കെട്ടിട നിർമ്മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറെ ആക്രമിച്ച് പല്ല് അടിച്ചുകൊഴിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് കോട്ടൂളി സ്വദേശി വളപ്പിൽ വീട്ടിൽ ജിമീഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട്: ** കെട്ടിട നിർമ്മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറെ ആക്രമിച്ച് പല്ല് അടിച്ചുകൊഴിച്ച സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് കോട്ടൂളി സ്വദേശി വളപ്പിൽ വീട്ടിൽ ജിമീഷിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ 21-ന് രാവിലെ കോട്ടൂളി കെ.ടി. ഗോപാലൻ റോഡിലുള്ള 'അസറ്റ് ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയുടെ പ്രൊജക്റ്റ് സൈറ്റിലാണ് കേസിനാസ്പദമായ അക്രമ സംഭവം നടന്നത്. സ്വന്തം വീടിന്റെ നിർമ്മാണത്തിനായി ഈ പ്രൊജക്റ്റ് സൈറ്റിൽ നിന്നും സാധന സാമഗ്രികളും പണിക്കാരെയും കൊണ്ടുപോകുന്നത് അയൽവാസികൾ അറിഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രകോപിതനായ ജിമീഷ്, കമ്പനിയുടെ സൈറ്റ് ഇൻ ചാർജായി ജോലി ചെയ്യുന്ന അർജുൻ ലാലിനെ തടഞ്ഞുവെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൈകൊണ്ട് മുഖത്തും നെഞ്ചിലും കുത്തുകയും ഹെൽമറ്റ് ഉപയോഗിച്ച് മുഖത്തടിക്കുകയും ചെയ്തതോടെയാണ് അർജുന്റെ പല്ല് കൊഴിഞ്ഞുപോയത്.

പരിക്കേറ്റ അർജുൻ ലാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പാലക്കാട്ടുവെച്ച് പോലീസ് വലയിലായത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മഹേഷ് കുമാർ, അതുൽ വസന്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഫിറോസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതിയായ ജിമീഷിന്റെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കം നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Medical College police in Kozhikode arrested a 35-year-old man for brutally assaulting a site engineer at a construction site in Kottooli. The accused allegedly attacked the engineer over the removal of materials and workers from the project site for his own house construction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389440/kozhikode-man-arrested-construction-site-assault)