---
title: "വ്യത്യസ്തമായൊരു നാലുമണി പലഹാരം; വളരെ എളുപ്പത്തിൽ രുചികരമായ മീൻ അട തയ്യാറാക്കാം"
english_title: "A Unique Tea-Time Snack: Easy and Tasty Meen Ada Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389429/easy-meen-ada-recipe-kerala-snack"
published_at: "2026-10-30T12:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44017a390b_easy-meen-ada-recipe-kerala-snack.jpg"
keywords: ["KeralaFood", "MeenAda", "TeaTimeSnack", "FishRecipe", "SteamedSnack"]
---

# വ്യത്യസ്തമായൊരു നാലുമണി പലഹാരം; വളരെ എളുപ്പത്തിൽ രുചികരമായ മീൻ അട തയ്യാറാക്കാം

> **Lead Summary:** ** **നാടൻ രുചികളുടെ കൂട്ടത്തിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് മീൻ അട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു സ്നാക്ക് വേറെയില്ല. മീനിന്റെയും മസാലകളുടെയും രുചിക്കൂട്ടും പത്തിരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മാവിന്റെ സോഫ്റ്റ്‌നെസ്സും ചേരുമ്പോൾ മീൻ അട ഒരു കിടിലൻ വിഭവമായി മാറുന്നു. വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.**

## Article Content

** **നാടൻ രുചികളുടെ കൂട്ടത്തിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് മീൻ അട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു സ്നാക്ക് വേറെയില്ല. മീനിന്റെയും മസാലകളുടെയും രുചിക്കൂട്ടും പത്തിരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മാവിന്റെ സോഫ്റ്റ്‌നെസ്സും ചേരുമ്പോൾ മീൻ അട ഒരു കിടിലൻ വിഭവമായി മാറുന്നു. വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.**

ആവശ്യമായ ചേരുവകൾ**

1. മീൻ മസാലയ്ക്ക്:

മീൻ: 250 ഗ്രാം (മുള്ളില്ലാത്ത അയല, മത്തി, അല്ലെങ്കിൽ ചൂര)

മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ

മുളകുപൊടി: 1 ടീസ്പൂൺ

സവാള: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി: 1 ടേബിൾസ്പൂൺ (ചതച്ചത്)

പച്ചമുളക്: 2 എണ്ണം (പൊടിയായി അരിഞ്ഞത്)

കറിവേപ്പില: ആവശ്യത്തിന്

ഗരം മസാല: ½ ടീസ്പൂൺ

പെരുംജീരകപ്പൊടി: ½ ടീസ്പൂൺ

വെളിച്ചെണ്ണ: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

**2. അട മാവിന്:**

അരിപ്പൊടി (പത്തരിപ്പൊടി): 1 കപ്പ്

തിളച്ച വെള്ളം: ആവശ്യത്തിന്

ഉപ്പ്: ആവശ്യത്തിന്

നെയ്യ് / വെളിച്ചെണ്ണ: 1 ടീസ്പൂൺ

**മീൻ അട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. **

ആദ്യം മീൻ കഷ്ണങ്ങളിൽ കുറച്ച് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി അല്പം വെള്ളമൊഴിച്ച് വേവിച്ചെടുക്കുകയോ അല്ലെങ്കിൽ ചെറുതായി വറുത്തെടുക്കുകയോ ചെയ്യുക. ഇത് തണുത്ത ശേഷം മീനിലെ മുള്ളുകൾ പൂർണ്ണമായി മാറ്റി നന്നായി ഉടച്ചുവെക്കുക. തുടർന്ന് മീൻ മസാല തയ്യാറാക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇതിലേക്ക് അരിഞ്ഞുവെച്ച സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് പൊൻനിറമാകുന്നത് വരെ വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളക്കുക. ഇതിലേക്ക് ഉടച്ചുവെച്ച മീൻ ചേർത്ത് നന്നായി യോജിപ്പിച്ച് 2-3 മിനിറ്റ് ചെറിയ തീയിൽ വേവിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക.

അടുത്തതായി അടയ്ക്കുള്ള മാവ് തയ്യാറാക്കാൻ ഒരു പാത്രത്തിൽ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും എടുത്ത്, നന്നായി തിളച്ച വെള്ളം കുറച്ചശ്ശേ ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് ഇളക്കുക. ചൂട് അല്പം കുറയുമ്പോൾ കൈകൊണ്ട് പത്തരി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ശേഷം വാഴയില ചെറിയ കഷ്ണങ്ങളാക്കി വെട്ടി തീയിൽ കാണിച്ച് വാട്ടിയെടുക്കുക.

ഈ മാവിൽ നിന്ന് ചെറിയ ഉരുളകളെടുത്ത് വാഴയിലയിൽ വെച്ച് കൈയിൽ അല്പം വെള്ളമോ എണ്ണയോ പുരട്ടി കൈകൊണ്ട് പരത്തിയെടുക്കുക. പരത്തിയ മാവിന്റെ ഒരു പകുതിയിൽ തയ്യാറാക്കിവെച്ച മീൻ മസാല വെച്ചുകൊടുത്ത് വാഴയില മടക്കി അടയുടെ അരികുകൾ നന്നായി അമർത്തി ഒട്ടിക്കുക. അവസാനമായി സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെള്ളം തിളപ്പിച്ച്, തയ്യാറാക്കിയ അടകൾ വെച്ച് മൂടിവെച്ച് 10-15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. നല്ല ചൂടുള്ള, സ്വാദിഷ്ടമായ നാടൻ മീൻ അട തയ്യാർ.

Meen ada is a popular Kerala snack made with fish masala stuffed inside rice flour dough and steamed in banana leaves. The recipe is simple to prepare and makes for a flavorful tea-time dish.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389429/easy-meen-ada-recipe-kerala-snack)