---
title: "നിസ്സാര തർക്കം ദുരന്തത്തിൽ കലാശിച്ചു...! ലഖ്‌നൗവിൽ കാർ പാർക്കിങ് തർക്കത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു"
english_title: "Three Family Members Shot Dead in Lucknow Parking Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389428/lucknow-parking-dispute-shooting-family"
published_at: "2026-10-30T12:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae43dc4eb22b_lucknow-parking-dispute-shooting-family.jpg"
keywords: ["LucknowShooting", "ParkingDispute", "PoliceInvestigation", "CrimeNews", "UttarPradesh"]
---

# നിസ്സാര തർക്കം ദുരന്തത്തിൽ കലാശിച്ചു...! ലഖ്‌നൗവിൽ കാർ പാർക്കിങ് തർക്കത്തിനിടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചുകൊന്നു

> **Lead Summary:** **ലഖ്‌നൗ: **ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയും ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയുമാണ് പ്രതി മൂന്നുപേർക്കും നേരെ ക്രൂരമായി വെടിയുതിർത്തത്.

## Article Content

**ലഖ്‌നൗ: **ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെയും ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയുമാണ് പ്രതി മൂന്നുപേർക്കും നേരെ ക്രൂരമായി വെടിയുതിർത്തത്.

വെറും 22 സെക്കൻഡിനുള്ളിൽ ഇയാൾ അഞ്ച് തവണ വെടിയുതിർക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമായി കാണാം. ലഖ്‌നൗവിലെ സാദത്ഗഞ്ച് മേഖലയിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് രൂക്ഷമായി കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.

ശിവാജി തിവാരി (62), ശിവേന്ദ്ര തിവാരി (55), സുയാഷ് തിവാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഖ്‌നൗവിലെ ആർ.എസ്.എസ് ജില്ലാ ഭാരവാഹിയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ പ്രതിയായ 30-കാരൻ ലല്ലു ശുക്ലയെ പൊലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽനിന്ന് വെടിവെപ്പിന് ഉപയോഗിച്ച പിസ്റ്റളും നാല് ഒഴിഞ്ഞ കാട്രിഡ്ജുകളും കണ്ടെടുത്തു. മെർച്ചന്റ് നേവിയിൽ നാവിഗേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ടവർ തന്നെ ഇഷ്ടിക കൊണ്ടടിച്ചെന്നും ഇതിൽ പ്രകോപിതനായിട്ടാണ് വെടിയുതിർത്തതെന്നുമാണ് ശുക്ല പൊലീസിന് നൽകിയ മൊഴി. പുറത്തുവന്ന വീഡിയോയിലും ഇയാൾ ഇതേകാര്യം പറയുന്നതായി കേൾക്കാം.

മരണപ്പെട്ട ശിവേന്ദ്ര തിവാരിയുടെ ഭാര്യ രുചി തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകം, കലാപം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി എട്ടുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ, സംഭവത്തിൽ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ സാദത്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സന്തോഷ് കുമാർ ആര്യ, കാശ്മീരി മൊഹല്ല ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് അജയ് കുമാർ ചൗരസ്യ എന്നിവരെ സസ്പെൻഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Three members of a family were shot dead in Lucknow’s Sadatganj area after a parking dispute escalated into a violent confrontation. Police have detained a 30-year-old suspect, recovered the weapon, and suspended two officers for lapses in handling the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389428/lucknow-parking-dispute-shooting-family)