---
title: "'ഒമ്പത് തവണ ഫോൺ മാറ്റി, ബാങ്കിലെ പണവും നഷ്ടമായി'; നാലുവർഷമായി അജ്ഞാത ഹാക്കറുടെ വേട്ടയാടൽ, 22 ലക്ഷത്തിന്റെ കടബാധ്യതയെന്ന് വയനാട്ടിലെ അധ്യാപിക"
english_title: "Wayanad Teacher Says Anonymous Hacker Has Targeted Her for Four Years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389408/wayanad-teacher-anonymous-hacker-cyberattack"
published_at: "2026-10-30T11:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae42e5c0d65f_wayanad-teacher-anonymous-hacker-cyberattack.jpg"
keywords: ["CyberAttack", "Teacher", "BankFraud", "Hacking", "Wayanad News"]
---

# 'ഒമ്പത് തവണ ഫോൺ മാറ്റി, ബാങ്കിലെ പണവും നഷ്ടമായി'; നാലുവർഷമായി അജ്ഞാത ഹാക്കറുടെ വേട്ടയാടൽ, 22 ലക്ഷത്തിന്റെ കടബാധ്യതയെന്ന് വയനാട്ടിലെ അധ്യാപിക

> **Lead Summary:** സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയും അധ്യാപികയുമായ സൗമ്യ കഴിഞ്ഞ നാല് വർഷമായി നേരിടുന്നത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സൈബർ ആക്രമണവും വേട്ടയാടലുമാണ്. അവരുടെ ഫോണുകളും ഇ-മെയിൽ ഐഡികളും തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുകയും, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും, ഫോണുകൾ തനിയെ ഫാക്ടറി റീസെറ്റ് ആകുകയും ചെയ്യുന്നുണ്ട്.

## Article Content

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയും അധ്യാപികയുമായ സൗമ്യ കഴിഞ്ഞ നാല് വർഷമായി നേരിടുന്നത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സൈബർ ആക്രമണവും വേട്ടയാടലുമാണ്. അവരുടെ ഫോണുകളും ഇ-മെയിൽ ഐഡികളും തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുകയും, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും, ഫോണുകൾ തനിയെ ഫാക്ടറി റീസെറ്റ് ആകുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ നാലു വർഷമായി ഒരു അജ്ഞാത ഹാക്കറുടെ നിരന്തരമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് സൗമ്യ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും 22 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുമാണ് സൈബർ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് യുവതി പറയുന്നത്.

2022-ൽ ആരംഭിച്ച ഈ അജ്ഞാത സൈബർ ആക്രമണത്തിന് മുന്നിൽ സൈബർ പോലീസും എത്തിക്കൽ ഹാക്കർമാരും ഒരുപോലെ നിസ്സഹായരായി നിൽക്കുകയാണ്. ഈ ദുരിതം കാരണം ഒമ്പത് തവണയാണ് സൗമ്യക്ക് ഫോണുകളും സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മാറ്റേണ്ടി വന്നത്. എന്നിട്ടും പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

സൈബർ സെല്ലിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ പരിശ്രമങ്ങൾ ഉണ്ടായിട്ടും കുറ്റവാളിയെ കണ്ടെത്താനോ ഈ വിചിത്രമായ ഹാക്കിങ് തടയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുതരമായ ഈ പ്രതിസന്ധി തന്റെ ജീവിതം പൂർണമായും തകർക്കുകയും തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടെത്തിച്ചിരിക്കുകയുമാണ് എന്ന് സൗമ്യ പറയുന്നു.

സൗമ്യയുടെ ഫോണും മെയിൽ ഐഡികളും ഇപ്പോഴും തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുകയും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോർന്നതിന് തൊട്ടുപിന്നാലെ ഫോൺ 'ഫാക്ടറി റീസെറ്റ്' (Factory Reset) ആക്കുന്നതാണ് ഹാക്കറുടെ രീതി. ഗൂഗിൾ പേ വൗച്ചറുകൾ (Google Pay Vouchers) വഴി ഗെയിമിങ് ആപ്പുകളിലേക്കാണ് പണം പോകുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

ഹാക്കിങ് ഭയന്ന് ഒമ്പത് തവണയാണ് സൗമ്യ ഫോണും സിം കാർഡും മാറ്റിയത്. കൂടാതെ മെയിൽ ഐഡികൾ, പാസ്‌വേഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ എന്നിവ വരെ പലതവണ മാറ്റിയിട്ടും ആക്രമണം തുടർന്നു കൊണ്ടേയിരിക്കുകയാണ്. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 2.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.

അക്കൗണ്ടുകളിൽ പണമില്ലാത്തതുമൂലം ഇ.എം.ഐ. ചെക്കുകൾ മുടങ്ങുകയും, ദിവസം 540 രൂപ വരെ ബൗൺസ് ചാർജായി ഈടാക്കുകയും ചെയ്തതോടെ സൗമ്യയുടെ കടബാധ്യത നാല് ലക്ഷത്തിൽ നിന്ന് 22 ലക്ഷം രൂപയായി ഉയർന്നു. വാടകവീട്ടിൽ കഴിയുന്ന ഇവരുടെ രണ്ടു മാസത്തെ വാടകയും മുടങ്ങിയിരിക്കുകയാണ്.

ഫോണിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ബയോമെട്രിക് സംവിധാനം ഓഫ് ചെയ്തുവെക്കേണ്ടി വന്നതോടെ റേഷൻ കടയിൽ നിന്ന് റേഷൻ സാമഗ്രികൾ വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് സൗമ്യ. കഴിഞ്ഞ ദിവസം സൈബർ സെൽ ഇടപെട്ട് പുതിയ മെയിൽ ഐഡിയും പാസ്വേഡും ഉണ്ടാക്കി നൽകിയെങ്കിലും, മണിക്കൂറുകൾക്കകം സൗമ്യയുടെ ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ആയി.

ഇതിന് പിന്നാലെ മകളുടെ ഫോണും ഫാക്ടറി റീസെറ്റ് ആവുകയും മകളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തതായി സൗമ്യ പറയുന്നു. സ്വന്തമായി ഒരു ഫോൺ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായ സൗമ്യ, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലാതെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിൽ സംഭവത്തിൽ സൈബർ സെല്ലും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തിവരികയാണ്.

A teacher from Sultan Bathery in Wayanad says she has been under relentless cyberattack for the past four years, with her phones, email accounts and bank accounts repeatedly compromised. She claims the attacks have caused losses of about ₹2.5 lakh and pushed her debt burden to ₹22 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389408/wayanad-teacher-anonymous-hacker-cyberattack)