---
title: "പ്രസവശേഷം ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങിയ യുവാവിന് നേരെ ക്രൂര ആക്രമണം; ശരീരത്തിൽ 21 മുറിവുകൾ, കാറും കത്തിച്ചു"
english_title: "Man Attacked After Visiting Wife and Newborn; Car Set on Fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389389/man-attacked-after-hospital-visit-car-burned"
published_at: "2026-10-30T10:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae421c3a54d0_man-attacked-after-hospital-visit-car-burned.jpg"
keywords: ["KeralaCrime", "AttackCase", "ArsonCase", "PoliceInvestigation", "Car Fire"]
---

# പ്രസവശേഷം ഭാര്യയെയും കുഞ്ഞിനെയും കണ്ട് മടങ്ങിയ യുവാവിന് നേരെ ക്രൂര ആക്രമണം; ശരീരത്തിൽ 21 മുറിവുകൾ, കാറും കത്തിച്ചു

> **Lead Summary:** നെയ്യാറ്റിൻകര: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവ് സഞ്ചരിച്ച കാർ അടിച്ചുതകർത്ത ശേഷം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

## Article Content

നെയ്യാറ്റിൻകര: പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. യുവാവ് സഞ്ചരിച്ച കാർ അടിച്ചുതകർത്ത ശേഷം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ സുകുമാരന്റെ മകൻ പ്രദീപിനാണ് (30) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പ്രദീപിന്റെ ശരീരത്തിൽ 21 മുറിവുകളുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ അമരവിളയ്ക്ക് സമീപം കണ്ണൻകുഴിയിലായിരുന്നു സംഭവം. തിരുവനന്തപുരം ലുലു മാളിലെ ജീവനക്കാരനാണ് പ്രദീപ്. പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും സന്ദർശിച്ച ശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കണ്ണൻകുഴിയിൽനിന്ന് കളത്തറയ്ക്കലിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ അപരിചിതരായ മൂന്നുപേർ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പ്രദീപ് പറഞ്ഞു. ഇവർ ആരാണെന്ന് ചോദിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രദീപിന്റെ മൊഴി.

കാറിൽനിന്ന് പുറത്തിറങ്ങിയ പ്രദീപിനെ സംഘത്തിലെ രണ്ടുപേർ പിടിച്ചുവെക്കുകയും മൂന്നാമൻ കൈവശമുണ്ടായിരുന്ന ചെറിയ വാൾ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പ്രദീപിന്റെ കൈകൾക്കും മുതുകിനും ആഴത്തിലുള്ള മുറിവേറ്റു.

അക്രമികളിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രദീപ് മാരായമുട്ടം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്തെത്തി പ്രദീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് മാരായമുട്ടം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം പ്രദീപിന്റെ മൊഴിയെടുക്കാനായി ആശുപത്രിയിലേക്ക് പോയി. ഇതിനിടെയാണ് പ്രതികൾ വീണ്ടും സ്ഥലത്തെത്തി കാർ അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തതെന്നാണ് വിവരം.

പുലർച്ചെ 3.30ഓടെ സംഭവസ്ഥലത്ത് തിരിച്ചെത്തിയ പൊലീസ് കണ്ടത് കാർ കത്തുന്നതാണ്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോകുന്നതിനായാണ് പ്രദീപ് സുഹൃത്തിന്റെ കാർ വാങ്ങിയിരുന്നത്. കൈകൾക്കും മുതുകിനും ആഴത്തിലുള്ള മുറിവുകളേറ്റ പ്രദീപ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണം നടത്തിയ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി മാരായമുട്ടം പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് പ്രദീപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ഇവർ ലഹരിവിൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

A young man returning home after visiting his wife and newborn baby in hospital was brutally attacked by a three-member gang in Neyyattinkara. He sustained 21 injuries, while the car he was traveling in was later vandalized and set on fire.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389389/man-attacked-after-hospital-visit-car-burned)