---
title: "പുലർച്ചെ ഹോസ്റ്റൽ മതിൽ ചാടിക്കടന്നു, 18-കാരിയായ വിദ്യാർഥിനിയെ പിന്നീട് കണ്ടെത്തിയത് മരിച്ച നിലയിൽ; പ്രിൻസിപ്പലിനും മകനുമെതിരെ കുടുംബം"
english_title: "18-Year-Old Nursing Student Found Dead in Firozabad; Family Accuses Principal and Son"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389354/firozabad-nursing-student-found-dead"
published_at: "2026-10-30T07:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3f8782d1b7_firozabad-nursing-student-found-dead.jpg"
keywords: ["Firozabad", "NursingStudent", "MurderProbe", "UttarPradesh", "CollegePrincipal"]
---

# പുലർച്ചെ ഹോസ്റ്റൽ മതിൽ ചാടിക്കടന്നു, 18-കാരിയായ വിദ്യാർഥിനിയെ പിന്നീട് കണ്ടെത്തിയത് മരിച്ച നിലയിൽ; പ്രിൻസിപ്പലിനും മകനുമെതിരെ കുടുംബം

> **Lead Summary:** **ഫിറോസാബാദ്: ** ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 18-കാരിയായ നഴ്സിങ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് കോളേജ് ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജി.എൻ.എം) വിദ്യാർഥിനിയായ പ്രീതിയാണ് മരിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രീതിയുടെ കുടുംബം രംഗത്തെത്തി.

## Article Content

**ഫിറോസാബാദ്: ** ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 18-കാരിയായ നഴ്സിങ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് കോളേജ് ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജി.എൻ.എം) വിദ്യാർഥിനിയായ പ്രീതിയാണ് മരിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രീതിയുടെ കുടുംബം രംഗത്തെത്തി.

ഇരുവരും ചേർന്ന് മകളെ കൊലപ്പെടുത്തിയതാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പ്രീതിയുടെ പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ റോഡ് ഉപരോധിച്ചു. പിന്നീട് പോലീസ് ഇടപെട്ട് സംസാരിച്ച് അനുനയിപ്പിച്ചതോടെയാണ് ഉപരോധം അവസാനിപ്പിക്കാനും മൃതദേഹം ഏറ്റുവാങ്ങാനും കുടുംബം തയ്യാറായത്.

ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ മറ്റ് വിദ്യാർഥിനികൾ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പ്രീതിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മുറിയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഹോസ്റ്റൽ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.30 ഓടെ പ്രീതി മതിൽ ചാടിക്കടന്ന് തനിച്ച് പുറത്തുപോകുന്നതായി കണ്ടെത്തി.

പിന്നീട് മൗഡ കനേറ്റ ഗ്രാമത്തിന് സമീപം ഒരു യുവതിയുടെ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം പ്രീതിയു‌ടേതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ പ്രീതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരികയാണ്. കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെയുള്ള ആരോപണങ്ങളും പോലീസ് പ്രത്യേകമായി പരിശോധിക്കുന്നുണ്ട്.

An 18-year-old first-year GNM nursing student, Preeti, was found dead under mysterious circumstances in Firozabad, Uttar Pradesh. Her family has accused the college principal and his son of murdering her and staged a road blockade demanding justice.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389354/firozabad-nursing-student-found-dead)