---
title: "കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘർഷം; 'വിദ്യാർത്ഥി സംഘടനയുടെ പേരിൽ പോറ്റിവളർത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം' - പിണറായി വിജയൻ"
english_title: "Pinarayi Urges League Leadership to End Campus Violence After Calicut Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389351/calicut-clash-league-campus-violence-new-"
published_at: "2026-10-30T06:06:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3f4eed1665_new.jpg"
keywords: ["CalicutUniversity", "PinarayiVijayan", "SFI", "MSF", "CampusViolence"]
---

# കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘർഷം; 'വിദ്യാർത്ഥി സംഘടനയുടെ പേരിൽ പോറ്റിവളർത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം' - പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്യാമ്പസിനകത്തും പുറത്തും എം.എസ്.എഫും മുസ്ലിം ലീഗും ചോരക്കളം തീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: **കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്യാമ്പസിനകത്തും പുറത്തും എം.എസ്.എഫും മുസ്ലിം ലീഗും ചോരക്കളം തീർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിക്കേറ്റ സഖാക്കളെ സന്ദർശിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ നേതാക്കളെ ആശുപത്രിയിൽ കയറി മാരകായുധങ്ങളുമായി ആക്രമിച്ച എം.എസ്.എഫ് ജില്ലാ ഭാരവാഹികളടക്കമുള്ള ക്രിമിനൽ സംഘത്തിന്റെ നടപടി അപലപനീയമാണ്. സംഭവത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളതെന്നും, യഥാർത്ഥ ആക്രമണം ഇതിലും വലുതാണെന്ന് അവിടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സംഘടനയുടെ പേരിൽ പോറ്റിവളർത്തുന്ന ഈ ഗുണ്ടായിസം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം. വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും മുന്നിലുണ്ടായിട്ടും അക്രമികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘർഷത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ആദിൽ, ജില്ലാ സെക്രട്ടറി സുജിൻ എന്നിവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് തടിക്കഷ്ണങ്ങളും കമ്പിവടികളുമായി എത്തിയ സംഘം ഫയർ എക്സ്റ്റിൻഗ്യുഷർ അടക്കം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ എട്ട് എം.എസ്.എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും ഉപകരണങ്ങൾ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Pinarayi Vijayan strongly condemned the MSF attack on SFI leaders who had gone to visit injured students at a hospital after the Calicut University clash. He said the violence inside and outside campuses must end and criticized the police for allegedly protecting the attackers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389351/calicut-clash-league-campus-violence-new-)