---
title: "'വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല'; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർധനവിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ"
english_title: "Rajeev Chandrasekhar Rejects Salary Hike for Ministers and MLAs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389315/rajeev-chandrasekhar-rejects-salary-hike"
published_at: "2026-10-29T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae34e1549de3_rajeev-chandrasekhar-rejects-salary-hike.jpg"
keywords: ["RajeevChandrasekhar", "KeralaAssembly", "SalaryHike", "BJP", "MLA"]
---

# 'വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല'; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർധനവിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: സം**സ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് ബിൽ പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: സം**സ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് ബിൽ പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും താൻ സ്വീകരിക്കില്ലെന്നും, എം.എൽ.എ എന്ന നിലയിൽ ലഭിക്കുന്ന അധിക തുക നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ആശാ വർക്കർമാർക്കും പി.എസ്.സി. ഉദ്യോഗാർത്ഥികൾക്കും അർഹമായ നീതി നൽകാത്ത സർക്കാർ, ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് ശമ്പള വർധന ബിൽ പാസാക്കിയത്. തർക്കങ്ങളോ വിയോജനക്കുറിപ്പുകളോ ഇല്ലാതെ അതിവേഗത്തിലായിരുന്നു ബില്ലിന്മേലുള്ള നടപടികൾ. എം.എൽ.എമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയർത്തി. ഇതിനുപുറമെ പലിശരഹിത വാഹന, ഭവന വായ്പാ പരിധികളും ഇന്ധന കൂപ്പൺ തുകയും മുൻ എം.എൽ.എമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.

മറ്റ് വിഭാഗങ്ങൾ ശമ്പള വർധനവിനായി നിരത്തിലിറങ്ങി സമരം ചെയ്യുമ്പോൾ, ജനപ്രതിനിധികൾക്കായി നടപ്പിലാക്കിയ ഈ 'മിന്നൽ തീരുമാനം' പൊതുസമൂഹത്തിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

**English Summary:** BJP state president Rajeev Chandrasekhar, an MLA, opposed the Kerala Assembly’s decision to hike the salaries and allowances of ministers and MLAs, saying he will donate the increased amount to the poor in Nemom.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389315/rajeev-chandrasekhar-rejects-salary-hike)