---
title: "'വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് പോകാൻ നാണക്കേട്'; വടകരയിലെ ദേശീയപാതാ ദുരിതം,  നിയമസഭയിൽ വികാരാധീനയായി കെ.കെ. രമ"
english_title: "‘Embarrassed to travel with MLA board’: K.K. Rema highlights Vadakara highway crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389192/vadakara-highway-crisis-kk-rema"
published_at: "2026-10-28T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2094e2d41a_vadakara-highway-crisis-kk-rema.jpg"
keywords: ["KeralaAssembly", "VadakaraHighway", "KKRema", "PWDMinister", "NationalHighway"]
---

# 'വണ്ടിയിൽ എം.എൽ.എ ബോർഡ് വെച്ച് പോകാൻ നാണക്കേട്'; വടകരയിലെ ദേശീയപാതാ ദുരിതം,  നിയമസഭയിൽ വികാരാധീനയായി കെ.കെ. രമ

> **Lead Summary:** **തിരുവനന്തപുരം: ** വടകരയിലെ ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയതയും കടുത്ത ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി നിയമസഭയിൽ വൈകാരികമായി പ്രതികരിച്ച് കെ.കെ. രമ എംഎൽഎ. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം സഭയിൽ ഉന്നയിച്ച എംഎൽഎ, വടകരയിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത നാണംകെട്ട അവസ്ഥയാണെന്ന് തുറന്നടിച്ചു.

## Article Content

**തിരുവനന്തപുരം: ** വടകരയിലെ ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയതയും കടുത്ത ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി നിയമസഭയിൽ വൈകാരികമായി പ്രതികരിച്ച് കെ.കെ. രമ എംഎൽഎ. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ദുരിതം സഭയിൽ ഉന്നയിച്ച എംഎൽഎ, വടകരയിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത നാണംകെട്ട അവസ്ഥയാണെന്ന് തുറന്നടിച്ചു.

ദേശീയപാത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും പ്രദേശവാസികൾക്ക് സ്വന്തം വീടുകളിലേക്ക് പോലും പോകാൻ വഴിയില്ലാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിഷയം സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. കഴിഞ്ഞ അഞ്ചാറു വർഷമായി ഒരു പ്രദേശത്തെ ജനങ്ങൾ ഇത്തരത്തിൽ കടുത്ത ദുരിതത്തിലാണ് ജീവിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് എന്നും പരാതികളാണ് വരുന്നത്. അതുകൊണ്ടാണ് താൻ വണ്ടിയിൽ എംഎൽഎ ബോർഡ് വെക്കാതെ യാത്ര ചെയ്യുന്നതെന്നും കെ.കെ. രമ സഭയിൽ വ്യക്തമാക്കി. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

എംഎൽഎ ഉന്നയിച്ചത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ മറുപടി നൽകി. കണ്ണൂരിലേക്ക് പോകുന്ന യാത്രക്കാർ വടകരയിലെത്തിയാൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നു എന്നത് വാസ്തവമാണെന്ന് മന്ത്രി സമ്മതിച്ചു. അഴിയൂർ - വെങ്ങളം റീച്ചിലെ നിർമ്മാണം നേരത്തെ അദാനി ഗ്രൂപ്പാണ് കരാറെടുത്തിരുന്നത്. എന്നാൽ ഉപകരാർ എടുത്ത കമ്പനി കൃത്യമായി ജോലി പൂർത്തിയാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിലവിൽ ഗൾഫാർ ഗ്രൂപ്പാണ് കരാർ ഏറ്റെടുത്തിരിക്കുന്നതെന്നും അവർ പണി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ബന്ധപ്പെട്ട കമ്പനി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചുചേർത്ത് അടിയന്തരമായി പ്രശ്നപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി ആവർത്തിച്ചു.

MLA K.K. Rema raised the severe traffic congestion and poor condition of the Vadakara National Highway stretch in the Kerala Assembly. PWD Minister P.K. Basheer acknowledged the issue and said urgent steps would be taken to resolve it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389192/vadakara-highway-crisis-kk-rema)