---
title: "സ്പായുടെ മറവിലെ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ"
english_title: "Health Inspector Maya Arrested in Spa-Linked Minor Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389184/spa-linked-minor-abuse-case-maya-arrested"
published_at: "2026-10-28T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1ff23e9e53_spa-linked-minor-abuse-case-maya-arrested.jpg"
keywords: ["KeralaNews", "Thiruvananthapuram", "SpaScandal", "MinorAbuseCase", "PoliceInvestigation"]
---

# സ്പായുടെ മറവിലെ ക്രൂരത; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർ മായ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശിനിയും നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ മായയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പിൽ മായയ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു.

## Article Content

തിരുവനന്തപുരം: നഗരത്തിലെ സ്പാ കേന്ദ്രത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശിനിയും നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ മായയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പിൽ മായയ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു.

കേസുമായി ബന്ധപ്പെട്ട് ഉള്ളൂർ സോണൽ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അടക്കം അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് സ്പാകളിൽ എത്തിച്ച മാതൃസഹോദരിയെയും ഭർത്താവിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാ കേന്ദ്രങ്ങളിൽ വെച്ച് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അതിക്രമങ്ങൾ നടന്നത്.

മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ സംരക്ഷണച്ചുമതല മാതൃസഹോദരിയും ഭർത്താവുമാണ് ഏറ്റെടുത്തിരുന്നത്. ചെന്നൈയിലെയും മുംബൈയിലെയും ചില സ്പാകളിൽ വെച്ചും താൻ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

പീഡനം സഹിക്കവയ്യാതെ വന്നതോടെ പെൺകുട്ടി കോവളത്തുവെച്ച് പരിചയപ്പെട്ട ഒരു യുവാവിനോട് ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയും ഇയാൾക്കൊപ്പം പോവുകയുമായിരുന്നു. തുടർന്ന് മാതൃസഹോദരി നൽകിയ കാണാതായ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ വയസ്സ് രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

വിശദമായ പരിശോധനയിൽ പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്ന് സ്ഥിരീകരിക്കുകയും തുടർന്ന് കുട്ടിയെ സുരക്ഷിതമായി ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തു. അവിടെവെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് ദീർഘകാലമായി താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് വ്യാപിപ്പിച്ചത്.

A temporary health inspector named Maya has been arrested in connection with the abuse of a minor girl at spa centers in Thiruvananthapuram. Police say Maya had a direct role in the spa operations, bringing the total number of arrests in the case to six.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389184/spa-linked-minor-abuse-case-maya-arrested)