---
title: "ചേന കണ്ടാൽ മുഖം തിരിക്കുന്നവരാണോ? ചിക്കൻ കറിയെ വെല്ലുന്ന രുചിയിൽ ചേന മസാലക്കറി തയ്യാറാക്കാം; ഇതാ എളുപ്പവഴി"
english_title: "Yam Masala Curry That Rivals Chicken Curry: Easy Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389160/yam-masala-curry-easy-recipe"
published_at: "2026-10-28T15:20:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1c60ccbc9c_yam-masala-curry-easy-recipe.jpg"
keywords: ["YamRecipe", "KeralaCuisine", "HealthyFood", "HomeCooking", "VegetarianRecipe"]
---

# ചേന കണ്ടാൽ മുഖം തിരിക്കുന്നവരാണോ? ചിക്കൻ കറിയെ വെല്ലുന്ന രുചിയിൽ ചേന മസാലക്കറി തയ്യാറാക്കാം; ഇതാ എളുപ്പവഴി

> **Lead Summary:** നാട്ടുപുറങ്ങളിൽ സാധാരണ കാണുന്ന ഒന്നാണ് ചേന. കാത്സ്യം, പ്രോട്ടീൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ് ഇത്.

## Article Content

നാട്ടുപുറങ്ങളിൽ സാധാരണ കാണുന്ന ഒന്നാണ് ചേന. കാത്സ്യം, പ്രോട്ടീൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ് ഇത്.

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാനും ചേന മികച്ചതാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ ഭൂരിഭാഗം പേർക്കും ചേന കൊണ്ടുള്ള വിഭവങ്ങൾ അത്ര ഇഷ്ടമല്ല. പ്രത്യേകിച്ച് കുട്ടികൾക്ക്.

എന്നാൽ ഇനിമുതൽ ഇഷ്ടമില്ലാത്തവരും ചേന കഴിക്കും. ചിക്കൻ കറിയേക്കാൾ മികച്ച രുചിയുള്ള നല്ല അടിപൊളി ചേന കറി. വളരെ എളുപ്പത്തിലും രുചികരവുമായ ചേന കറി എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

ചേന- 300 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്)

സവാള- രണ്ടെണ്ണം

തക്കാളി- ഒരെണ്ണം

വെളുത്തുള്ളി- മൂന്ന് അല്ലി

പച്ചമുളക്- രണ്ടെണ്ണം

മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ

മുളകുപൊടി- ഒരു ടീസ്‌പൂൺ

മല്ലിപ്പൊടി- ഒരു ടീസ്പൂൺ

ഗരംമസാല- അര ടീസ്‌പൂൺ

കടുക്, കറിവേപ്പില, വെളിച്ചെണ്ണ, വറ്റൽമുളക്, ഉപ്പ്- ആവശ്യത്തിന്

മല്ലിയില

**തയ്യാറാക്കുന്ന വിധം**

ആദ്യം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ചേന അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കണം. കുഴഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെന്തുകഴിഞ്ഞ് ഇത് വെള്ളം തോരാനായി മാറ്റിവയ്ക്കാം.

ഇനി അത്യാവശ്യം വലിപ്പമുള്ള ഒരു ചീനച്ചട്ടി അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് പൊട്ടിക്കുക. ഇനി കറിവേപ്പില, വറ്റൽമുളക്, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കണം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേയ്ക്ക് അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റണം.

സവാളയുടെ നിറം മാറിവരുമ്പോൾ തക്കാളി ചേർത്ത് വീണ്ടും ഇളക്കണം. തക്കാളി നന്നായി വെന്ത് ഉടഞ്ഞുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റണം.

വഴണ്ടതിന് ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവച്ച് വേവിക്കാം. ചെറുതായി കുറുകിയ പരുവമാകുമ്പോൾ ഈ മസാല കൂട്ടിലേക്ക് നേരത്തെ വേവിച്ച് മാറ്റിവച്ച ചേനയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേയ്ക്ക് മല്ലിയില കൂടി ചേർത്ത് ചെറിയ തീയിൽ അടച്ചുവച്ച് കറി കുറുകി വരുമ്പോൾ വാങ്ങിവയ്ക്കാം. രുചികരമായ ചേന കറി തയ്യാറായി.

This article explains how to prepare a flavorful yam masala curry that even those who usually avoid yam may enjoy. It also highlights the vegetable’s nutritional benefits and provides a simple step-by-step recipe with ingredients and cooking method.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389160/yam-masala-curry-easy-recipe)