---
title: "അരിയിൽ ഷുക്കൂർ വധം; പി.ജയരാജനും ടി.വി.രാജേഷിനും നിർണായകം, സിബിഐ കോടതി വിധി നവംബർ 12-ന്"
english_title: "Ariyil Shukoor Murder Case: Verdict on P. Jayarajan and T.V. Rajesh on Nov. 12"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389136/ariyil-shukoor-murder-case-verdict-november-12"
published_at: "2026-10-28T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1ab1e53b9c_ariyil-shukoor-murder-case-verdict-november-12.jpg"
keywords: ["ShukoorMurderCase", "CBICourt", "PJayarajan", "TVRajesh", "KannurPolitics"]
---

# അരിയിൽ ഷുക്കൂർ വധം; പി.ജയരാജനും ടി.വി.രാജേഷിനും നിർണായകം, സിബിഐ കോടതി വിധി നവംബർ 12-ന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയിൽ ഹാജരായിരുന്നില്ല.

## Article Content

കണ്ണൂർ: കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയിൽ ഹാജരായിരുന്നില്ല.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞുനിർത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

പി. ജയരാജനും അന്ന് എംഎൽഎയായിരുന്ന ടി.വി. രാജേഷുമടക്കമുള്ളവരുടെ കാർ തടഞ്ഞുനിർത്തി മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടുംക്രൂരത. ഷുക്കൂർ അടക്കമുള്ള മുസ്ലിം ലീഗ് പ്രവർത്തകരെ പിന്നീട് സിപിഎം പ്രവർത്തകർ പിടിച്ചുനിർത്തി, അവരുടെ ചിത്രം എസ്‌എംഎസ് വഴി അയച്ചുനൽകി. അവർ തന്നെയെന്ന് ഉറപ്പിച്ച ശേഷം ഷുക്കൂർ, സക്കറിയ അയ്യൂബ് എന്നിവരെ ആക്രമിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഷുക്കൂർ മരിച്ചു.

തളിപ്പറമ്പിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ കെ.വി. സുമേഷ്, ഗണേഷൻ പി. എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സി.എൻ. മോഹനൻ 11-ാം പ്രതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ പ്രതിയാണ്.

കേസിലെ 32-ാം പ്രതിയാണ് പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ്. ഇരുവർക്കുമെതിരെയുള്ളത് ഗൂഢാലോചനക്കുറ്റം. പി. ജയരാജനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ വെച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ. എന്നാൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് തെളിയിക്കാനുള്ള പ്രധാന സാക്ഷികൾ കേസിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നില്ല.

പി. ജയരാജനും രാജേഷും തളിപ്പറമ്പ് ആശുപത്രിയിലുള്ളപ്പോൾ മുറിയിൽ നിന്ന് പുറത്തുവന്ന് സിപിഎം പ്രവർത്തകൻ കൊല ചെയ്യാനുള്ള നിർദ്ദേശം ആംഗ്യമായി കാണിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ ഈ നിർണായക മൊഴി കോടതിയിൽ പറയാൻ ഇവരെത്തിയില്ല.

ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക സുപ്രീംകോടതി വരെ നടത്തിയ പോരാട്ടത്തിനൊടുവിലായിരുന്നു കേസ് സിബിഐ ഏറ്റെടുത്തത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊച്ചി സ്പെഷ്യൽ കോടതി മൂന്ന് ജഡ്ജി ശബരിനാഥാണ് കേസിൽ വിധി പറയുക.

The CBI special court in Kochi will pronounce the sentence in the Abdul Shukoor murder case on November 12. The case involves 31 accused, including CPM leaders P. Jayarajan and T.V. Rajesh, who face conspiracy charges.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389136/ariyil-shukoor-murder-case-verdict-november-12)