---
title: "ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ 17കാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നെന്ന് കണ്ടെത്തൽ, വീട്ടിൽ 7 മണിക്കൂർ പരിശോധന"
english_title: "Cheranallur Crash: Judge’s 17-Year-Old Son Also Drove Luxury Bike, Probe Finds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389075/cheranallur-crash-judge-son-luxury-bike-probe"
published_at: "2026-10-28T08:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16c79b5a52_cheranallur-crash-judge-son-luxury-bike-probe.jpg"
keywords: ["CheranallurCrash", "KeralaPolice", "CrimeBranch", "JudgeSon", "LuxuryBike"]
---

# ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ 17കാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നെന്ന് കണ്ടെത്തൽ, വീട്ടിൽ 7 മണിക്കൂർ പരിശോധന

> **Lead Summary:** **കൊച്ചി: **ചേരാനല്ലൂരിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി പോലീസിന്റെയും ജില്ലാ ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. ബെൻസ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടിൽ പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്ക് കണ്ടെത്തിയത്.

## Article Content

**കൊച്ചി: **ചേരാനല്ലൂരിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അഡീഷണൽ ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി പോലീസിന്റെയും ജില്ലാ ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ. ബെൻസ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടിൽ പോലീസും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര ബൈക്ക് കണ്ടെത്തിയത്.

ഈ ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 17കാരൻ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പതിനേഴുകാരൻ ബൈക്ക് ഓടിക്കാറുണ്ടെന്ന് ഫ്ലാറ്റ് ജീവനക്കാരനും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചും പോലീസിന് സംശയങ്ങളുണ്ട്.

ജഡ്ജിയുടെ വീട്ടിൽ ഏഴു മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കിന് പുറമെ ഡിജിറ്റൽ ഉപകരണങ്ങൾ, ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ, വാഹനത്തിന്റെ രേഖകൾ എന്നിവയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപകട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ അപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്റെ ഈ നീക്കം.

നിലവിലെ പോലീസ് നടപടികളിൽ തൃപ്തരാണെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് നാല് പോലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ ശ്യാംകുമാർ കെ.എസ്, എസ്.എച്ച്.ഒ വിശ്വജിത്ത് വി.എസ്, എ.എസ്.ഐ മനോജ് കെ.ടി, സി.പി.ഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. സംഭവസ്ഥലം സന്ദർശിച്ച് എ.ഡി.ജി.പി പി. വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിലാണ് അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ചത്. അപകടത്തിന് പിന്നാലെ 17കാരനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനത്തിനും കുടുംബത്തിന്റെ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ആഭ്യന്തരമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതിനെത്തുടർന്ന് പോലീസ് ശക്തമായ നടപടികളിലേക്ക് കടക്കുകയും രാത്രി വൈകി 17കാരനെതിരെ നരഹത്യാ കുറ്റം ചുമത്തുകയുമായിരുന്നു.

Police and the district crime branch have found that the 17-year-old son of an additional judge also rode a luxury bike linked to the Cheranallur fatal accident. During a seven-hour search at the judge’s home, investigators seized the bike, digital devices, CCTV footage and vehicle documents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389075/cheranallur-crash-judge-son-luxury-bike-probe)