---
title: "പി.പി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം; മാപ്പും ഏഴ് കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഷമ്മാസ്, കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡിക്ക് വക്കീല്‍ നോട്ടീസ്"
english_title: "Shammas Sends Legal Notice Over Alleged Cash Demand to Withdraw Complaint Against P.P. Divya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389074/shammas-legal-notice-p-p-divya-complaint"
published_at: "2026-10-28T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae16c510d1aa_shammas-legal-notice-p-p-divya-complaint.jpg"
keywords: ["MuhammadShammas", "LegalNotice", "VigilanceProbe", "KeralaPolitics", "P.P. Divya"]
---

# പി.പി. ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണം; മാപ്പും ഏഴ് കോടി നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഷമ്മാസ്, കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡിക്ക് വക്കീല്‍ നോട്ടീസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു.

7 കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. മുഹമ്മദ് ആസിഫ് ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ 5 ലക്ഷം രൂപ ഷമ്മാസ് ആവശ്യപ്പെട്ടെന്നായിരുന്നു ആസിഫിൻ്റെ ആരോപണം.

ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കമ്പനിയാണ് കാർട്ടൺ. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാറുകൾ നൽകിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു.

മുഹമ്മദ് ഷമ്മാസായിരുന്നു പരാതിക്കാരൻ. പി പി ദിവ്യ കണ്ണൂരിൽ അനധികൃതമായി ഭൂമി സമ്പാദിച്ചെന്നും ആരോപണം. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നൽകിയ പരാതി, കഴമ്പില്ലെന്ന് കാട്ടി തളേളിയിരുന്നു. അതിലാണ് സർക്കാർ മാറിയപ്പോൾ അന്വേഷണത്തിന് ഉത്തരവായത്.

ദിവ്യയുടെയും ഭർത്താവിന്‍റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷിക്കും. അതിനിടെ, ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ എംഡി, ദിവ്യയുടെ ബന്ധുക്കൾക്കും സിപിഎം നേതാക്കൾക്കും പണം നൽകിയെന്ന പേരിൽ ശബ്ദസന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും പുറത്ത് വന്നു.

KSU leader Muhammad Shammas has sent a legal notice to Carton India MD Muhammad Asif, seeking an apology and Rs 7 crore in damages over allegations that he demanded money to withdraw a complaint against P.P. Divya. Asif had claimed Shammas asked for Rs 5 lakh, while the complaint against Divya has triggered a Vigilance probe into alleged irregularities and land acquisition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389074/shammas-legal-notice-p-p-divya-complaint)