---
title: "പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു"
english_title: "SC/ST Commission Sitting: 8 of 10 Cases Settled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/389022/sc-st-commission-sitting-kozhiode-cases-settled"
published_at: "2026-10-27T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0a9ad80541_sc-st-commission-sitting-kozhiode-cases-settled.jpg"
keywords: ["SCSTCommission", "KozhikodeNews", "Ramanattukara", "RainDamage", "RevenueDepartment"]
---

# പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സിറ്റിങ്: 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി; രാമനാട്ടുകരയിൽ മഴക്കെടുതി പ്രദേശവും സന്ദർശിച്ചു

> **Lead Summary:** കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ് സിറ്റിങ് നടന്നത്. ശേഷിക്കുന്ന രണ്ട് കേസുകൾ റവന്യൂ, പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു.

## Article Content

കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിൽ പരിഗണിച്ച 10 കേസുകളിൽ എട്ടെണ്ണം തീർപ്പാക്കി. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ അധ്യക്ഷതയിലാണ് സിറ്റിങ് നടന്നത്. ശേഷിക്കുന്ന രണ്ട് കേസുകൾ റവന്യൂ, പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു.

ഭൂമി സംബന്ധമായ പരാതികൾ, വഴിത്തർക്കങ്ങൾ, ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആശ്രിത നിയമനം തുടങ്ങിയ പരാതികളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.

ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ. സരിൻ, പട്ടികജാതി-പട്ടികവർഗ, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.

**മഴവെള്ളപ്പാച്ചിലിൽ നാശനഷ്ടം; രാമനാട്ടുകരയിൽ കമ്മീഷന്റെ നേരിട്ടുള്ള ഇടപെടൽ**

രാമനാട്ടുകരയിൽ കനത്ത മഴയെത്തുടർന്ന് പുരയിടത്തിലൂടെ വെള്ളം കുത്തിയൊഴുകി പരിസരത്തും വീട്ടിലേക്കുള്ള വഴിയിലും നാശനഷ്ടമുണ്ടായെന്ന പരാതിയിൽ സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ സ്ഥലത്തെത്തി പരിശോധന നടത്തി.

കമ്മീഷൻ അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിളിച്ചുവരുത്തിയാണ് സംയുക്ത പരിശോധന നടത്തിയത്.

രാമനാട്ടുകര നഗരസഭയിലെ 13-ാം ഡിവിഷനിൽ വൈദ്യരങ്ങാടി കൊല്ലരുകുതോടി വിഷ്ണു നിവാസിൽ എം. സജിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

സമീപവാസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് മഴവെള്ളം ശക്തമായി ഒഴുകിയെത്തുന്നത് തന്റെ പുരയിടത്തിനും വീട്ടിലേക്കുള്ള വഴിക്കും നാശനഷ്ടമുണ്ടാക്കുന്നതായാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിൽ വെള്ളം ഒഴുകിയെത്തുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

കമ്മീഷൻ അംഗം ടി.കെ. വാസുവിനൊപ്പം ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ. സരിൻ, കമ്മീഷൻ ജീവനക്കാരായ ആർ. റോഷിത്ത്, ആർ.എസ്. അഭിഷേക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

രാമനാട്ടുകര നഗരസഭയെ പ്രതിനിധീകരിച്ച് ക്ലീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ, ഓവർസിയർ വിസ്മയ അശോകൻ എന്നിവരും സ്ഥലത്തെത്തി.

The State SC/ST Commission’s district-level sitting in Kozhikode disposed of eight of the 10 cases it considered, while two were deferred pending reports from the Revenue and SC/ST departments. The commission also inspected a rain-damage site in Ramanattukara after a complaint about runoff causing damage to a property and access road.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/389022/sc-st-commission-sitting-kozhiode-cases-settled)