---
title: "'ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും'; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി.വിജയൻ"
english_title: "Cheranalloor Accident Case: Action Will Be Taken Against Any Wrongdoing, Says ADGP P. Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388970/cheranalloor-accident-case-action-lapse"
published_at: "2026-10-27T13:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae05d3617910_cheranalloor-accident-case-action-lapse.jpg"
keywords: ["KeralaPolice", "ADGPPVijayan", "CrimeBranch", "RoadAccident", "Cheranalloor Accident"]
---

# 'ജഡ്ജിയെന്നോ പൊലീസെന്നോ നോക്കില്ല, തെറ്റ് ചെയ്താൽ നടപടിയുണ്ടാകും'; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി.വിജയൻ

> **Lead Summary:** കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി.വിജയൻ. നിയമ നടപടിയുടെ കാര്യത്തിൽ പൊലീസ് എന്നോ ജഡ്ജ് എന്നോ വ്യത്യാസം ഉണ്ടാകില്ലെന്നും എഡിജിപി പറഞ്ഞു.

## Article Content

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് എഡിജിപി പി.വിജയൻ. നിയമ നടപടിയുടെ കാര്യത്തിൽ പൊലീസ് എന്നോ ജഡ്ജ് എന്നോ വ്യത്യാസം ഉണ്ടാകില്ലെന്നും എഡിജിപി പറഞ്ഞു.

ജഡ്ജ് എന്നോ പൊലീസ് എന്നോ വ്യത്യാസം ഇതിനകത്തില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എല്ലാവർക്കും ഉണ്ടായിരിക്കും. ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പറഞ്ഞത് കേട്ടിരിക്കുമല്ലോ. ഇതിൽ എന്ത് വീഴ്ചയാണ് സംഭവിച്ചത്, ആരൊക്കെയാണ് കാരണക്കാർ, എന്നിവയെല്ലാം പരിശോധിക്കാനാണ് താൻ ഇവിടെ വന്നിരിക്കുന്നതെന്നും എഡിജിപി പറഞ്ഞു.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബങ്ങളെ കാണുമെന്നും എഡിജിപി പി.വിജയൻ പറഞ്ഞു. എല്ലാവരെയും കാണും. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടിട്ടേ പോകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ പൊലീസിന് പ്രാഥമിക ഘട്ടത്തിൽ വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് എഡിജിപി പി.വിജയനെ അന്വേഷണത്തിനായി നിയോഗിച്ചത്. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തു. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാൽ ഉടൻ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാകും.

അതേസമയം, ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. പൊലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാറിനില്ല.

ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. കേസിൽ സർക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും സഭയിൽ ചെന്നിത്തല പറഞ്ഞു.

ADGP P. Vijayan said the police will thoroughly examine whether there was any lapse in the Cheranalloor road accident case and stressed that the law applies equally to everyone, including judges and police officers. He added that he would meet the family of the deceased Jayabalakrishnan, while the case has now been handed over to the Crime Branch.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388970/cheranalloor-accident-case-action-lapse)