---
title: "നോർക കെയർ ഇൻഷ്യൂറൻസ് പ്രതിസന്ധി: പ്രവാസികളെ വഞ്ചിക്കുന്ന നയങ്ങൾ സർക്കാർ അവസാനിപ്പിക്കണം -കേരള പ്രവാസി സംഘം"
english_title: "Norka Care Insurance Crisis: Kerala Must End Policies That Betray Migrants"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388907/norka-care-insurance-crisis"
published_at: "2026-10-27T07:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0080c46053_norka-care-insurance-crisis.jpg"
keywords: ["NorkaCare", "KeralaPravasiSangham", "ExpatriateWelfare", "InsuranceCrisis", "KeralaNews"]
---

# നോർക കെയർ ഇൻഷ്യൂറൻസ് പ്രതിസന്ധി: പ്രവാസികളെ വഞ്ചിക്കുന്ന നയങ്ങൾ സർക്കാർ അവസാനിപ്പിക്കണം -കേരള പ്രവാസി സംഘം

> **Lead Summary:** തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസവും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ തന്നെ അവഗണനയും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസവും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ തന്നെ അവഗണനയും അനിശ്ചിതത്വവും സൃഷ്ടിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഗൾഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും ജീവിതത്തിന്റെ നല്ലൊരു പങ്കും അധ്വാനിച്ച് നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് സംസ്ഥാന സർക്കാരും നോർക റൂട്ട്സും സ്വീകരിക്കുന്ന സമീപനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നേതാക്കൾ പറഞ്ഞു.

പ്രവാസികൾക്ക് ഏറെ ആശ്വാസമാകേണ്ട നോർക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുരുതരമായ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായുള്ള നോർക റൂട്ട്സിന്റെ കരാർ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുകയാണ്. ക്ലെയിം തുക പിരിച്ചെടുത്ത പ്രീമിയത്തേക്കാൾ ഉയർന്നതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനി പ്രീമിയം നിരക്കിൽ വലിയ വർധനവ് ആവശ്യപ്പെട്ടതായും പുതിയ കരാറിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായതായും റിപ്പോർട്ടുകളുണ്ട്.

സമയബന്ധിതമായി പുതിയ കരാർ ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള പോളിസികളുടെ തുടർച്ചയും പുതിയ അംഗങ്ങളുടെ എൻറോൾമെന്റും തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകും. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരമൊരു അനിശ്ചിതത്വം അനുവദിക്കാനാവില്ല.

തിരിച്ചെത്തിയ പ്രവാസികളിൽനിന്ന് 200 രൂപ വീതം ഈടാക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?

ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്ന പ്രതീക്ഷയിലാണു പലരും 200 രൂപ അടക്കുന്നത്. നിലവിലുള്ള അംഗങ്ങളുടെ പോളിസികൾ പുതുക്കി നൽകുമോ? ഈ ചോദ്യങ്ങൾക്ക് നോർക റൂട്ട്സും സർക്കാരും അടിയന്തരമായി മറുപടി നൽകണം.

നോർക കെയർ മാത്രമല്ല, പ്രവാസി ക്ഷേമമേഖലയിലെ മറ്റ് പദ്ധതികളും പ്രതിസന്ധിയിലാണ്. പ്രവാസി പെൻഷൻ വിതരണം തുടർച്ചയായി നാലാം മാസത്തിലേക്ക് കടന്നിട്ടും മുടങ്ങിക്കിടക്കുകയാണ്. പ്രവാസി ക്ഷേമനിധി ബോർഡിൽനിന്ന് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും കൃത്യമായി നടക്കുന്നില്ല. പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകേണ്ട നോർക റൂട്ട്സിന്റെ സാന്ത്വനം പദ്ധതിയും പ്രതിസന്ധിയിലാണെന്ന പരാതികൾ ഉയരുന്നു.

പ്രവാസി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കുന്ന സാഹചര്യത്തിൽ, പ്രവാസികൾ നേരിടുന്ന ഇത്തരം ഗുരുതരമായ പ്രശ്നങ്ങളിൽ അടിയന്തരവും ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.

വിദേശത്ത് അധ്വാനിച്ച് സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികൾക്ക് അർഹമായ പരിഗണനയും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

പ്രവാസികളുടെ അവകാശങ്ങൾ സർക്കാരിന്റെ ഔദാര്യമല്ല; നാടിന്റെ വികസനത്തിന് അവർ നൽകിയ സംഭാവനകൾക്ക് അർഹമായ നീതിയാണ്. നോർക കെയർ പദ്ധതിയുടെ ഭാവിയെക്കുറിച്ച് സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണം.

നിലവിലുള്ള അംഗങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ മുടങ്ങാതെ ഉറപ്പാക്കുകയും പുതിയ കരാർ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുകയും വേണം. അതോടൊപ്പം, കുടിശ്ശികയായ പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കാനും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സാന്ത്വനം ഉൾപ്പെടെയുള്ള പദ്ധതികൾ തടസ്സമില്ലാതെ നടപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണം.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമാനുകൂല്യങ്ങളും ഉറപ്പാക്കുന്നതിൽ സർക്കാർ ഇനിയും കാലതാമസം വരുത്തരുത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ വിഷയത്തിൽ ശക്തമായ ഇടപെടലുകളും പ്രക്ഷോഭ പരിപാടികളും തുടരുമെന്നും കേരള പ്രവാസി സംഘം നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

The Kerala Pravasi Sangham has urged the state government and Norka Roots to urgently resolve the uncertainty surrounding the Norka Care health insurance scheme. Leaders said delays in renewals, pension disbursal, and welfare benefits are leaving expatriates without the security they were promised.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388907/norka-care-insurance-crisis)