---
title: "'കള്ളക്കഥകളെല്ലാം കോടതി വിശ്വസിച്ചില്ല; പിണറായിയെയും സിപിഎമ്മിനെയും വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചന'; സിഎംആർഎൽ കേസിൽ എം.വി. ഗോവിന്ദൻ"
english_title: "Court Did Not Buy the False Narratives: MV Govindan Calls CMRL Case a Political Conspiracy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388869/cmrl-case-mv-govindan-political-conspiracy"
published_at: "2026-10-26T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf6b1a864f1_cmrl-case-mv-govindan-political-conspiracy.jpg"
keywords: ["CMRLCase", "MVGovindan", "CPM", "PinarayiVijayan", "KeralaPolitics"]
---

# 'കള്ളക്കഥകളെല്ലാം കോടതി വിശ്വസിച്ചില്ല; പിണറായിയെയും സിപിഎമ്മിനെയും വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചന'; സിഎംആർഎൽ കേസിൽ എം.വി. ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സ്വാഗതം ചെയ്ത് സിപിഐഎം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി സ്വാഗതം ചെയ്ത് സിപിഐഎം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ഉണ്ടായതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സിപിഐഎമ്മിനെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കേസെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. എക്‌സാലോജിക്കിന്റെ പേര് പറഞ്ഞ് ഉണ്ടാക്കിയത് കള്ളക്കേസാണെന്നും ആ കേസ് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രമുഖ നേതാവിന്റെ മകളാണ് വീണ എന്ന കാര്യം പറഞ്ഞുകൊണ്ടുവന്ന ആ കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇത് വീണക്കെതിരായ കേസല്ല, പിണറായി വിജയനെതിരെയും സിപിഐഎമ്മിനെതിരെയും ഉള്ള ആസൂത്രിതമായ കള്ളക്കളിയാണെന്ന് അന്നുതന്നെ തങ്ങള്‍ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

അത് പൂര്‍ണമായും ശരിവെക്കുന്ന നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. അവര്‍ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന എല്ലാ കള്ളക്കഥകളും കോടതി പൂര്‍ണമായും വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതി നിലപാടിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വീണക്കെതിരായ കേസായിട്ടാണ് തുടക്കമെങ്കിലും, അവസാനം പിണറായിയും രണ്ടാമത്തെ കേസിന്റെ ഭാഗമായിട്ട് റിയാസും പ്രതിയാക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് തികച്ചും രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്.

അതിനെ തങ്ങള്‍ ശക്തമായി രാഷ്ട്രീയമായും നിയമപരമായും നേരിടും. സുപ്രീംകോടതി ചെയ്തതു പോലെ ഹൈക്കോടതിയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. നരേന്ദ്ര മോദി, ഇഡി, വിഡി കൂട്ടുകെട്ടിന്റെ പാര്‍ട്ടിക്കെതിരായ ഗൂഢാലോചന ശക്തമായി തുറന്നു കാണിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത് – അദ്ദേഹം പറഞ്ഞു.

In the CMRL-Exalogic financial case, CPM state secretary MV Govindan welcomed the High Court division bench’s intervention, calling it a reaffirmation of the rule of law. He said the case was a politically motivated conspiracy aimed at targeting Pinarayi Vijayan and the CPM, and that the party would fight it politically and legally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388869/cmrl-case-mv-govindan-political-conspiracy)