---
title: "സ്കൂൾ കായികമേള ഇനി വിരൽത്തുമ്പിൽ...! പത്ത് വേദികളിലെ മത്സരഫലങ്ങളും മെഡൽ നേട്ടങ്ങളും ലൈവായി അറിയാം; ഹൈടെക് സംവിധാനങ്ങളുമായി കൈറ്റ്"
english_title: "School Sports Meet Goes Digital: Live Results from 10 Venues on the Spot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388864/school-sports-meet-live-results-10-venues"
published_at: "2026-10-26T19:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf6137519cc_school-sports-meet-live-results-10-venues.jpg"
keywords: ["SchoolSportsMeet", "KITE", "LiveResults", "Victers", "DigitalBroadcast"]
---

# സ്കൂൾ കായികമേള ഇനി വിരൽത്തുമ്പിൽ...! പത്ത് വേദികളിലെ മത്സരഫലങ്ങളും മെഡൽ നേട്ടങ്ങളും ലൈവായി അറിയാം; ഹൈടെക് സംവിധാനങ്ങളുമായി കൈറ്റ്

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനവും ദൃശ്യാവിഷ്കാരവും ഹൈടെക് സംവിധാനങ്ങളിലൂടെ മികവുറ്റതാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

## Article Content

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനവും ദൃശ്യാവിഷ്കാരവും ഹൈടെക് സംവിധാനങ്ങളിലൂടെ മികവുറ്റതാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

മത്സരങ്ങളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കായികമേളയുടെ ആവേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ഡിജിറ്റൽ സംവിധാനങ്ങളും വിപുലമായ തത്സമയ സംപ്രേഷണ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.

സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ കൈറ്റ് സജ്ജമാക്കിയ [www.sports.kite.kerala.gov.in][(https://sports.kite.kerala.gov.in)](http://(https://sports.kite.kerala.gov.in)) എന്ന സ്പോർട്സ് പോർട്ടലിലൂടെ ലഭിക്കും.

കോഴിക്കോട് പത്ത് വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേളയുടെ തത്സമയ മത്സരഫലങ്ങൾ, മത്സര പുരോഗതി, മീറ്റ് റെക്കോർഡുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ പോർട്ടലിൽ ലഭ്യമാക്കും. ജില്ല, സ്കൂൾ എന്നിവ അടിസ്ഥാനമാക്കി വിജയികളുടെ ചിത്രങ്ങളോടുകൂടിയ മത്സരഫലങ്ങളും പോർട്ടലിൽ പ്രസിദ്ധീകരിക്കും.

ഓരോ വിദ്യാർഥിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള കായിക പ്രകടനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും പിന്തുടരുന്നതിനുമായി സ്കൂൾ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ (SSUID) സംവിധാനവും നിലവിലുണ്ട്.

കായികമേളയുടെ എല്ലാ ദിവസവും രാവിലെ മത്സരങ്ങൾ ആരംഭിക്കുന്നതു മുതൽ രാത്രി എട്ടുവരെ കൈറ്റ് വിക്ടേഴ്സിലൂടെ തത്സമയ സംപ്രേഷണം നടത്തും. പ്രധാന വേദിയായ കോഴിക്കോട് എൻ.ഐ.ടി.യിൽ കൈറ്റ് വിക്ടേഴ്സിന്റെ പ്രത്യേക സ്റ്റുഡിയോ ഫ്ലോർ സജ്ജീകരിച്ചിട്ടുണ്ട്.

മറ്റു മത്സരവേദികളിൽനിന്നും വിപുലമായ തത്സമയ ദൃശ്യാവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളുടെ ദൃശ്യചാരുത പകർത്തുന്നതിനായി ഹെലിക്യാമും സജ്ജീകരിച്ചിട്ടുണ്ട്. മത്സരവിവരങ്ങൾ, പോയിന്റ് നിലകൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ, ഫൈനൽ മത്സരങ്ങളുടെ സ്ലോ മോഷൻ ദൃശ്യാവലോകനം എന്നിവ സംപ്രേഷണത്തിന്റെ ഭാഗമായിരിക്കും.

കായികമേള അവസാനിച്ച ശേഷവും പ്രധാന മത്സരങ്ങളും പ്രസക്തമായ മറ്റ് ദൃശ്യങ്ങളും ഉൾപ്പെടുത്തി സമ്പൂർണ കായികവിദ്യാഭ്യാസ പരിപാടി കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

KITE VICTERS ആപ്പ്, [[victers.kite.kerala.gov.in](https://victers.kite.kerala.gov.in)](http://[victers.kite.kerala.gov.in](https://victers.kite.kerala.gov.in)) വെബ്സൈറ്റ്, കൈറ്റിന്റെ itsvicters യൂട്യൂബ് ചാനൽ എന്നിവയിലൂടെയും സംസ്ഥാന സ്കൂൾ കായികമേളയുടെ തത്സമയ സംപ്രേഷണം കാണാം.

ഇതിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കായികപ്രേമികൾക്കും വിവിധ വേദികളിലെ മത്സരങ്ങളുടെ ആവേശം തത്സമയം അനുഭവിക്കാനാകും.

KITE has made extensive arrangements to bring the 68th State School Sports Meet in Kozhikode to audiences through digital platforms and live broadcasts. Results, records, certificates and venue-wise updates will be available on the sports portal, while live coverage will run on KITE Victers, the app, website and YouTube channel.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388864/school-sports-meet-live-results-10-venues)