---
title: "രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ദുഃഖവാർത്ത; ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of Soldier Missing in Chaliyar Current Found After Two-Day Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388858/chaliyar-missing-soldier-body-found"
published_at: "2026-10-26T18:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf53f87d6ef_chaliyar-missing-soldier-body-found.jpg"
keywords: ["ChaliyarRiver", "SoldierSearch", "NDRF", "KeralaNews", "RescueOperation"]
---

# രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ദുഃഖവാർത്ത; ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** മലപ്പുറം: ഊര്‍ക്കടവ് പാലത്തിനടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്‍ സുധീഷിന്‍റെ മൃതദേഹം കണ്ടെത്തി. പെരുവയല്‍ മുണ്ടക്കല്‍ സ്വദേശിയായ സുധീഷിന്‍റെ മൃതദേഹമാണ് പാലത്തിന് സമീപം പുഴയുടെ നടുവില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

## Article Content

മലപ്പുറം: ഊര്‍ക്കടവ് പാലത്തിനടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്‍ സുധീഷിന്‍റെ മൃതദേഹം കണ്ടെത്തി. പെരുവയല്‍ മുണ്ടക്കല്‍ സ്വദേശിയായ സുധീഷിന്‍റെ മൃതദേഹമാണ് പാലത്തിന് സമീപം പുഴയുടെ നടുവില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

മിനിഞ്ഞാന്ന് വൈകുന്നേരമാണ് സുധീഷ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്നുണ്ടായ വ്യാപകമായ തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്. ഏറെ ചുഴികളും ശക്തമായ അടിയൊഴുക്കുമുള്ള പ്രദേശമായതിനാല്‍ ഊര്‍ക്കടവ് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു.

അപകടവിവരം അറിഞ്ഞ ഉടന്‍തന്നെ വിവിധ സേനാവിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, ഡിങ്കി ബോട്ട് സംഘം, ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. പുഴയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സുധീഷിനെ കണ്ടെത്താനായില്ല.

പകല്‍ സമയത്തും രാത്രിയിലും തിരച്ചില്‍ തുടര്‍ന്നു. പുഴയിലെ ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായി. പുഴയിലെ ചുഴികളും ആഴമേറിയ ഭാഗങ്ങളും തിരച്ചിലിന്‍റെ വേഗം കുറച്ചു.

അപകടസാധ്യത കണക്കിലെടുത്ത് ഏറെ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. വിവിധ സംഘങ്ങളെ ഏകോപിപ്പിച്ച് പുഴയില്‍ പരിശോധന തുടരുന്നതിനിടെയാണ് പാലത്തിന് സമീപം പുഴയുടെ നടുവില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

തുടര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അപകടവിവരം അറിഞ്ഞതുമുതല്‍ സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ നാട്ടുകാരും സജീവമായി പങ്കാളികളായിരുന്നു.

The body of Sudheesh, a soldier from Peruvayal Mundakkal, who went missing after being swept away in the Chaliyar river near Oorkadav bridge, has been found. Rescue teams including police, fire force, NDRF, and local residents had been searching for two days in difficult conditions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388858/chaliyar-missing-soldier-body-found)