---
title: "ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ"
english_title: "Cheranalloor Benz Crash: Police Book Vehicle Owner, a Judge, with HC Nod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388779/cheranalloor-benz-crash-judge-police-case"
published_at: "2026-10-26T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adeeb3a97cb2_cheranalloor-benz-crash-judge-police-case.jpg"
keywords: ["KeralaNews", "BenzAccident", "HighCourt", "Cheranelloor Accident", "JayabalakrishnanDeath", "RoadAccident"]
---

# ചേരാനല്ലൂർ ബെൻസ് കാർ അപകടം; പ്രതിയുടെ പിതാവായ വാഹന ഉടമ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ

> **Lead Summary:** കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്.

## Article Content

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്.

വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതെന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് ഹൈക്കോടതി മെമ്മോയും അയച്ചു.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.

അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.

അപകടം സംഭവിക്കുന്നതിന് മുമ്പ് 17കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്.

അപകടത്തിന് പിന്നാലെ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.

പ്രതിക്കെതിരെ പൊലീസ് 181, 183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗത്തിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. അതിനിടെ കഴിഞ്ഞ ദിവസം ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണു.

ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തളർന്നുവീണത്. നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു.

Police have registered a case against the vehicle owner, a judge, in the Cheranalloor Benz crash that killed a scooter rider. The action was taken after seeking High Court permission, while the court also asked for an explanation on why the car was given to a minor.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388779/cheranalloor-benz-crash-judge-police-case)