---
title: "ഭർത്താവിനൊപ്പം ഹോട്ടലിലെത്തി, അഞ്ച് സെക്കൻഡിനകം കുഴഞ്ഞുവീണു; നവവധുവിന്റെ ദുരൂഹമരണത്തിൽ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, കൊലപാതക സംശയവുമായി കുടുംബം"
english_title: "Newlywed Dies Mysteriously at Hotel; CCTV Footage Sparks Murder Suspicion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388772/newlywed-dies-hotel-cctv-murder-suspicion"
published_at: "2026-10-26T10:57:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adee593597fc_newlywed-dies-hotel-cctv-murder-suspicion.jpg"
keywords: ["CCTVFootage", "MurderSuspicion", "HotelDeath", "UttarPradeshNews", "PoliceInvestigation"]
---

# ഭർത്താവിനൊപ്പം ഹോട്ടലിലെത്തി, അഞ്ച് സെക്കൻഡിനകം കുഴഞ്ഞുവീണു; നവവധുവിന്റെ ദുരൂഹമരണത്തിൽ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, കൊലപാതക സംശയവുമായി കുടുംബം

> **Lead Summary:** ഹോട്ടൽ മുറിയിൽ വച്ച് നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് വന്നു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് 28 കാരിയായ മുസ്കാൻ സിമോലിയ കുഴഞ്ഞുവീണതും പിന്നീട് മരണം സംഭവിക്കുന്നതും.

## Article Content

ഹോട്ടൽ മുറിയിൽ വച്ച് നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത് വന്നു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലുള്ള ഒരു ഹോട്ടലിൽ വെച്ചാണ് 28 കാരിയായ മുസ്കാൻ സിമോലിയ കുഴഞ്ഞുവീണതും പിന്നീട് മരണം സംഭവിക്കുന്നതും.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഈ വർഷം ജൂൺ 29-നായിരുന്നു മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബാങ്ക് മാനേജർ നിനേഷും മുസ്കാനും തമ്മിലുള്ള വിവാഹം നടന്നത്.

ഒക്ടോബർ 10-ന് റെയിൽവേ ജൂനിയർ എൻജിനീയർ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി മുസ്കാൻ ഝാൻസിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് ഒക്ടോബർ 23-ന് ഝാൻസിയിലെത്തിയ നിനേഷ്, തന്‍റെ അമ്മായിയെ കാണാനെന്ന് പറഞ്ഞ് മുസ്കാനെ കൂട്ടിക്കൊണ്ടുപോവുകയും പകരം നേരെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് രാംജി ലാൽ അഹിർവാർ ആരോപിക്കുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഭർത്താവ് നിനേഷിനും ഒരു ഹോട്ടൽ ജീവനക്കാരനുമൊപ്പം മുസ്കാൻ മുറിയിലേക്ക് പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുറിക്ക് മുന്നിലെത്തിയ യുവതി, വെറും അഞ്ച് സെക്കൻഡിനുള്ളിൽ അപ്രതീക്ഷിതമായി പിന്നിലേക്ക് കുഴഞ്ഞുവീഴുകയും തല നിലത്തടിക്കുകയും ചെയ്തു. ഉടൻതന്നെ ഭർത്താവ് നിനേഷ് യുവതിയെ എടുത്തുയർത്തി അകത്തേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തുടർന്ന് അടുത്ത ദിവസമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും മരണം സ്ഥിരീകരിച്ചതും. സംഭവത്തിൽ പൊലീസ് ഭർത്താവ് നിനേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

നിനേഷിന് ഇൻഡോറിൽ മറ്റൊരു ഭാര്യയുണ്ടെന്നും ഇത് മറച്ചുവച്ചായിരുന്നു വിവാഹമെന്നും അടുത്തിടെയാണ് തങ്ങള്‍ക്ക് ഇക്കാര്യം മനസ്സിലായതെന്നും മുസ്കാന്‍റെ പിതാവ് പറഞ്ഞു. ഇതിനെത്തുടർന്ന് ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടതായും പിതാവ് വെളിപ്പെടുത്തി.

മകളുടെ തലയിൽ സാരമായ പരിക്കുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നും സംശയിക്കുന്നതായി പിതാവ് വ്യക്തമാക്കി. ഹോട്ടൽ മുറിക്ക് പുറത്ത് വെച്ച് യുവതി കുഴഞ്ഞുവീഴാനുള്ള കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും ശരീരത്തിലെ പരിക്കുകളെക്കുറിച്ചുമുള്ള വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഭർത്താവിനെ ചോദ്യം ചെയ്തുകൊണ്ടും അന്വേഷണം പുരോഗമിക്കുകയാണ്.

A 28-year-old newlywed, Muskan Simoliya, was found dead under suspicious circumstances at a hotel in Jhansi, Uttar Pradesh, after CCTV footage showed her collapsing within seconds of entering the room with her husband. Her family has accused the husband of foul play, citing alleged injuries and claims that he concealed a previous marriage, while police continue to investigate.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388772/newlywed-dies-hotel-cctv-murder-suspicion)