---
title: "മഴ കളി തുടങ്ങി....! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി"
english_title: "Heavy Rain Alert in Kerala: Orange Warning in 4 Districts, Yellow in 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388740/kerala-rain-alert-orange-yellow-districts"
published_at: "2026-10-26T07:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcb8fdcf7f1_heavy-rain-holiday-kozhiode-wayanad-malappuram.jpg"
keywords: ["KeralaRain", "OrangeAlert", "YellowAlert", "WeatherWarning", "SchoolHoliday"]
---

# മഴ കളി തുടങ്ങി....! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മഴ കടുക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. 

കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലും ജില്ലയിൽ നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിലും വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായി ഇന്ന് (26-10-2026, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 25-10-2026-ലെ ജാഗ്രതാ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്ന് പ്രവൃത്തിദിനമായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന സൗകര്യം തടസ്സപ്പെടാതിരിക്കാനും ക്യാമ്പുകളുടെ സുഗമമായ പ്രവർത്തനത്തിനുമാണ് ഈ നിയന്ത്രിത അവധി ഏർപ്പെടുത്തിയിട്ടുള്ളത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

The India Meteorological Department has issued rain warnings for 12 districts in Kerala, including an Orange Alert in Palakkad, Pathanamthitta, Idukki and Malappuram. Schools and other educational institutions in Palakkad have been declared shut for the day, while fishing has been banned along the Kerala, Karnataka and Lakshadweep coasts due to rough seas.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388740/kerala-rain-alert-orange-yellow-districts)